
അബുദാബി: ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് എട്ട് റണ്‍സ് ജയം. അബുദാബി, ഷെയ്ഖ് സയിദ് സ്‌റ്റേഡിയത്തില്‍ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് അഫ്ഗാന്‍ 20 ഓവറില്‍ 146 റണ്‍സിന് എല്ലാവരും പുറത്തായി.
മൂന്ന് വിക്കറ്റ് നേടിയ മുസ്തഫിസുര്‍ റഹ്മാന്‍, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നസും അഹമ്മദ്, റിഷാദ് ഹുസൈന്‍, ടസ്‌കിന്‍ അഹമ്മദ് എന്നിവരാണ് അഫ്ഗാനെ തകര്‍ത്തത്. റഹ്മാനുള്ള ഗുര്‍ബാസ് (31 പന്തില്‍ 35), അസ്മതുള്ള ഒമര്‍സായ് (16 പന്തില്‍ 39) എന്നിവര്‍ മാത്രമാണ് അഫ്ഗാന് വേണ്ടി തിളങ്ങിയത്. റാഷിദ് ഖാന്‍ (20), ഗുല്‍ബാദിന്‍ നെയ്ബ് (16), മുഹമ്മദ് നബി (15), നൂര്‍ അഹമ്മദ് (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.
നേരത്തെ, 31 പന്തില്‍ 52 റണ്‍സെടുത്ത തന്‍സിദ് ഹസന്‍ തമീമാണ് ബംഗ്ലാദേശിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ രണ്ട് വിക്കറ്റ് നേടിയ റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവരാണ് ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ഇന്ന് ജയിക്കേണ്ടത് അനിവാര്യമായിരുന്നു.
മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗ്ലാദേശിന് ഇപ്പോള്‍ നാല് പോയിന്റുണ്ട്. ഹോങ്കോംഗിനെ തോല്‍പ്പിച്ച അവര്‍ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. ജയത്തോടെ ബംഗ്ലാദേശ് സൂപ്പര്‍ ഫോര്‍ പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തു. ഇനി ശ്രീലങ്ക – അഫ്ഗാന്‍ മത്സരഫലത്തിന് വേണ്ടി കാത്തിരിക്കണം ആര് അവസാന നാലിലെത്തുമെന്ന് അറിയാന്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസിന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. ഒന്നാം വിക്കറ്റില്‍ സെയ്ഫ് ഹസന്‍ (30) – തന്‍സിദ് സഖ്യം 63 റണ്‍സാണ് ചേര്‍ത്തത്. ഏഴാം ഓവറില്‍ സെയ്ഫിനെ ബൗള്‍ഡാക്കി റാഷിദ് ഖാന്‍ അഫ്ഗാന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ലിറ്റണ്‍ ദാസിന് (9) തിളങ്ങാനായില്ല.
പിന്നാലെ തന്‍സിദും പുറത്തായി. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തൗഹിദ് ഹൃദോയ് (26), ഷമീം ഹുസൈന്‍ (11), ജേക്കര്‍ അലി (13 പന്തില്‍ പുറത്താവാതെ 11), നൂറുല്‍ ഹസന്‍ (6 പന്തില്‍ പുറത്താവാതെ 12) എന്നിവരുടെ പ്രകടനം സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.