
കോട്ടയം: വീടിനകത്തെ വൃത്തിക്ക് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്ന രണ്ടു ജീവികളാണ് പല്ലിയും പാറ്റയും. തുറന്നു വച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളിലൂടെ കയറി ഇറങ്ങുന്ന പാറ്റയും പല്ലിയും ആരോഗ്യത്തിനും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
എത്രയൊക്കെ തുരത്താന്‍ ശ്രമിച്ചാലും ഇവ വീണ്ടും വീണ്ടും വരികയും ചെയ്യും. പലപ്പോഴും അടുക്കളയിലും ബാത്‌റൂമിന്റെ അരികിലും ഒക്കെയാണ് ഇവ വ്യാപകമായി കാണപ്പെടുന്നത്. ഈര്‍പ്പമുള്ള സാഹചര്യങ്ങളാണ് ഇവയ്ക്ക് വളരാന്‍ അനുയോജ്യമായ സാഹചര്യം ഒരുക്കുന്നത്.
ഈ രണ്ടു ജീവികളെയും അടുക്കളയിലെ ചില വസ്തുക്കള്‍ ഉപയോഗിച്ച് ഫലപ്രദമായി തുരത്താന്‍ കഴിയും എന്നത് പലര്‍ക്കും അറിയില്ല. പലപ്പോഴും വിപണിയില്‍ നിന്ന് ലഭിക്കുന്ന രാസചേരുവകള്‍ അടങ്ങിയ കെമിക്കല്‍ സ്‌പ്രേകളും കീടനാശിനികളുമാണ് ഇവയെ തുരത്താന്‍ ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും വീടിനുള്ളിലെ വായുവിനെ മലിനമാക്കുന്നു. ഇത്തരം കീടനാശിനികളുടെ അംശങ്ങള്‍ വായുവിലൂടെ ശരീരത്തിലേക്ക് കയറി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. പ്രത്യേകിച്ച് കുട്ടികളില്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആസ്ത്മ, അലര്‍ജികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കീടനാശിനികള്‍ വലിയ ദോഷം സൃഷ്ടിക്കും. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ വീട്ടിലെ സാധനങ്ങള്‍ ഉപയോഗിച്ച് പല്ലിയെയും പാറ്റയെയും വീട്ടില്‍ നിന്ന് ഓടിക്കാന്‍ കഴിയും. കര്‍പ്പൂരം, ഗ്രാമ്പൂ എണ്ണ, വിനാഗിരി, ബേക്കിംഗ് സോഡ, നാരങ്ങാനീര്, ബേ ലീഫ്, പെപ്പര്‍മിന്റ് ഓയില്‍ എന്നിവ തറ തുടയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുകയോ അല്ലെങ്കില്‍ സ്‌പ്രേ രൂപത്തിലാക്കി തറയില്‍ തളിക്കുകയും ചെയ്താല്‍ ഈ ജീവികളെ ഓടിക്കാന്‍ കഴിയും. സുരക്ഷിതവും രാസവസ്തുക്കള്‍ ചേരാത്തതുമായ ഈ രീതികള്‍ ആരോഗ്യത്തിനും ഹാനികരമല്ല.
കര്‍പ്പൂരവും ഗ്രാമ്ബു എണ്ണയും രൂക്ഷമായ ഗന്ധം പുറപ്പെടുവിക്കുന്നതാണ്. പല്ലികള്‍ക്കും പാറ്റകള്‍ക്കും ഈ ഗന്ധം അസഹനീയമാണ്. പ്രകൃതിദത്തമായ ഒരു കീടനാശിനി ഉണ്ടാക്കാന്‍ അഞ്ചു മുതല്‍ ആറ് വരെ കര്‍പ്പൂരത്തിന്റെ കഷണങ്ങള്‍ പൊടിച്ച് വെള്ളത്തില്‍ ലയിപ്പിക്കുക. ഇതിലേക്ക് കുറച്ച് തുള്ളി ഗ്രാമ്ബു എണ്ണ കൂടി ചേര്‍ക്കുക. ഈ വെള്ളം തറ തുടയ്ക്കാനായി ഉപയോഗിക്കുക. ഇതിന്റെ സുഗന്ധം കീടങ്ങളെ അകറ്റുക മാത്രമല്ല തറ വൃത്തിയുള്ളതും നല്ല ഗന്ധം ഉള്ളതുമാക്കി തീര്‍ക്കുന്നു. ഗ്രാമ്ബു പൊടിച്ച് വാതിലുകള്‍ക്കരികിലും ജനാലകള്‍ക്ക് സമീപവും വിതറുന്നതും പല്ലിയെയും പാറ്റയെയും തുരത്താന്‍ നല്ലതാണ്്.
തറ തുടയ്ക്കുന്ന വെള്ളത്തില്‍ അല്പം വിനാഗിരിയും ബേക്കിംഗ് സോഡയും ചേര്‍ത്ത മിശ്രിതം ലയിപ്പിക്കുന്നത് പല്ലിയെയും പാറ്റയെയും തുരത്താന്‍ നല്ലതാണ്. ഈ മിശ്രിതത്തിന്റെ ഗന്ധം ഇത്തരം ജീവികള്‍ക്ക് താങ്ങാന്‍ കഴിയില്ല. ഇത് തറയിലെ ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കുന്നു. ഈ മിശ്രിതം നിശ്ചിത ഇടവേളകളില്‍ തറ തുടയ്ക്കാന്‍ ഉപയോഗിക്കുക.
ഇരുണ്ട കോണുകളിലും ഫര്‍ണിച്ചറുകള്‍ക്ക് പിന്നിലും ചുവരുകളിലും ഉള്‍പ്പെടെ തുടയ്ക്കുന്നത് നല്ല ഫലം ചെയ്യും.
ഉപ്പും നാരങ്ങാനീരും സംയോജിപ്പിച്ച് ഫലപ്രദമായ പ്രകൃതിദത്ത കീടനാശിനി ഉണ്ടാക്കാം. നാലോ അഞ്ചോ ടേബിള്‍സ്പൂണ്‍ ഉപ്പും രണ്ട് നാരങ്ങയുടെ നീരും തറ തുടയ്ക്കുന്ന വെള്ളത്തില്‍ കലര്‍ത്തുക. ഈ ലായനി ചുവരുകളിലും ഫര്‍ണിച്ചറുകളിലും തറയിലും തളിച്ച ശേഷം തുടയ്ക്കുക, പ്രത്യേകിച്ച് വീടിന്റെ കോണുകളില്‍. അമ്ലത്വവും ഉപ്പുരസവും ഇത്തരം ജീവികളുടെ വ്യാപനം തടയുന്നു.
ബേ ലീഫിന്റെ ഗന്ധവും പാറ്റകള്‍ക്ക് ഇഷ്ടമല്ല. ഉണങ്ങിയ ബേ ഇലകള്‍ ചതച്ച് അലമാരകള്‍, ഷെല്‍ഫുകള്‍ അല്ലെങ്കില്‍ പാറ്റകള്‍ സാധാരണയായി കാണപ്പെടുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വിതറുക. ഈ ലളിതമായ തന്ത്രം കീടങ്ങളെ അകറ്റാന്‍ സഹായിക്കും.