
ചെന്നൈ : കഴിഞ്ഞ ഏപ്രിലിലാണ് തമിഴ് നടനും നിർമ്മാതാവുമായ വിഷ്ണു വിശാലിനും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയ്ക്കും കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ മുലപ്പാല്‍ ദാനം ചെയ്ത് വാര്‍ത്തകളില്‍ നിറയുകയാണ് ജ്വാല. ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ മുലപ്പാല്‍ ദാന കാമ്പെയ്‌ന്റെ ഭാഗമായാണ് ജ്വാല മാതൃകയായിരിക്കുന്നത്.
കഴിഞ്ഞ നാല് മാസമായി ജ്വാല സ്ഥിരമായി മുലപ്പാല്‍ ദാനം ചെയ്യുന്നുണ്ട്. ഇതുവരെ 30 ലിറ്റര്‍ മുലപ്പാലാണ് ജ്വാല നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമ്മമാരില്ലാത്ത കുഞ്ഞുങ്ങളെയും ആശുപത്രിയില്‍ കഴിയുന്ന മാസം തികയാതെ ജനിച്ചതോ ഗുരുതരാവസ്ഥയിലുള്ളതോ ആയ കുഞ്ഞുങ്ങളെയും സഹായിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ഈ കാമ്പെയ്‌നെ കുറിച്ച് ഓഗസ്റ്റില്‍ ജ്വാല എക്‌സില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ‘മുലപ്പാല്‍ ജീവന്‍ രക്ഷിക്കുന്നു. മാസം തികയാതെയും അസുഖബാധിതരായും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്, ദാനം ചെയ്യുന്ന മുലപ്പാല്‍ അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. നിങ്ങള്‍ക്ക് ദാനം ചെയ്യാന്‍ കഴിയുമെങ്കില്‍, സഹായം ആവശ്യമുള്ള ഒരു കുടുംബത്തിന് നിങ്ങളൊരു ഹീറോ ആകും. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുക, ഈ സന്ദേശം പങ്കുവെക്കുക, മില്‍ക്ക് ബാങ്കുകളെ പിന്തുണയ്ക്കുക’- എന്നാണ് ജ്വാല കുറിച്ചത്. നിരവധി പേരാണ് ജ്വാലയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group