മണ്‍കൂനയ്ക്കുള്ളില്‍ നിന്നും ഒരു കരച്ചില്‍, മണ്ണ് മാറ്റി നോക്കിയപ്പോൾ കണ്ടത് പിഞ്ചുകുഞ്ഞിനെ; ജീവനോടെ കുഴിച്ചിട്ട 15 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ രക്ഷിച്ച്‌ ആട്ടിടയന്‍

Spread the love

ഉത്തരപ്രദേശ്: ബറേലിയിൽ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയില്‍  കണ്ടെത്തി. ബറേലിയിലെ ഷാജഹാൻപുരിലെ ബഹ്ഗുല്‍ നദീതീരത്തതായിരുന്നു സംഭവം.

ആടിനെ മേയ്ക്കാനെത്തിയ ആട്ടിടയനാണ് 15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ  കണ്ടെത്തിയത്. പാലത്തിന്റെ അടിയിലുള്ള മണ്‍കൂനയില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേൾക്കുകയും ഇതോടെ ഇയാള്‍ അവിടേക്ക് ചെല്ലുകയും മണ്ണ് മാറ്റിയ പരിശോധിക്കുകയുമായിരുന്നു.

കുഞ്ഞിന്റെ കയ്യാണ് ആദ്യം  കണ്ടെത്തിയത്. ഇത് മണ്‍കൂനയ്ക്ക് പുറത്തേക്ക് നീണ്ടിരിക്കുന്ന നിലയിലാണുണ്ടായത്. മറ്റ് ശരീരഭാഗങ്ങള്‍ കുഴിച്ച് മൂടിയ നിലയിലുമാണ് ഉണ്ടായിരുന്നത്. കുഞ്ഞിനെ മണ്ണില്‍ നിന്ന് പുറത്തെടിത്ത സമയം ശരീരം മുഴുവൻ ഉറുമ്പുകൾ പൊതിഞ്ഞിരിക്കുകയായിരുന്നു. ഉടൻ തന്നെ ആട്ടിടയൻ വിവരം പൊലീസിന് കൈമാറുകയും സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ സമീപത്തുള്ള ഹെല്‍ത്ത് സെന്ററിലേക്കും പിന്നീട് മെഡിക്കല്‍ കല്ലജ് ആശുപത്രിയിലേക്കും മാറ്റി.

കുഞ്ഞിന് 10-15 ദിവസം പ്രായമുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ഒരടി താഴ്ചയിലാണ് കുഞ്ഞിനെ മണ്ണില്‍ കുഴിച്ചിട്ടിരുന്നത്. ശ്വാസം എടുക്കാനുള്ള വിടവ് ഇട്ടിരുന്നതായും പോലീസ് പറഞ്ഞു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനായില്ലന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ജയ്തിപുർ പോലീസ് അറിയിച്ചു.