
ദുബൈ: ഏഷ്യാ കപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ കളിച്ചിട്ടും ബാറ്റിംഗിന് അവസരം കിട്ടാതെ മലയാളി താരം സഞ്ജു സാംസണ്‍. ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ 58 റണ്‍സ് വിജയലക്ഷ്യമായിരുന്നതിനാല്‍ സഞ്ജുവിന് അവസരം കിട്ടാനുള്ള സാധ്യത കുറവായിരുന്നു.
എന്നാല്‍ ഇന്നലെ പാകിസ്ഥാനെതിരെ സഞ്ജുവിന് ബാറ്റിംഗിന് അവസരം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 127 റണ്‍സ് മാത്രമാണ് എടുത്തത്. 128 റണ്‍സ് വിജലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്കായി ആദ്യ മത്സരത്തിലേതുപോലെ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും തന്നെയാണ് ഓപ്പണ്‍ ചെയ്തത്. രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറി അടിച്ചതിന് പിന്നാലെ ഗില്‍ സയ്യിം അയൂബിന്‍റെ പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായി. പവര്‍ പ്ലേയില്‍ ഗില്‍ വീണപ്പോൾ സഞ്ജുവിനെ പ്രതിക്ഷിച്ച ആരാധകര്‍ നിരാശരായി. ആദ്യ മത്സരത്തിലേതുപോലെ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവാണ് പാകിസ്ഥാനെതിരെയും മൂന്നാം നമ്പറില്‍ ക്രീസിലെത്തിയത്.
തുടക്കത്തിലെ വെടിക്കെട്ടിന് ശേഷം 13 പന്തില്‍ 31 റണ്‍സെടുത്ത അഭിഷേക് ശര്‍മ മടങ്ങിയപ്പോഴാകട്ടെ നാലാം നമ്പറില്‍ പ്രതീക്ഷിച്ചതുപോലെ തിലക് വര്‍മയിറങ്ങി. തിലക്-സൂര്യ സഖ്യം 56 റണ്‍സ് കൂട്ടുകെട്ടുമായി ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചതോടെ പാകിസ്ഥാനെതിരെ സഞ്ജു ക്രീസിലിറങ്ങുമെന്ന പ്രതീക്ഷ മങ്ങി. എന്നാല്‍ ടീം സ്കോര്‍ 97ല്‍ നില്‍ക്കെ തിലകിനെ സയ്യിം അയൂബ് ബൗള്‍ഡാക്കിയതോടെ അഞ്ചാം നമ്പറില്‍ സഞ്ജുവിന്‍റെ വരവിനായി കാത്തിരുന്ന ആരാധകര്‍ വീണ്ടും നിരാശരായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സഞ്ജുവിനെയും ഹാര്‍ദ്ദിക്കിനെയും മറികടന്ന് അഞ്ചാം നമ്പറിലെത്തിയത് ശിവം ദുബെയായിരുന്നു. പാക് സ്പിന്നറായ സയ്യിം അയൂബ് മികച്ച രീതിയില്‍ പന്തെറിയുമ്പോഴായിരുന്നു ശിവം ദുബെയെ പ്രമോട്ട് ചെയ്ത് ബാറ്റിംഗിനയക്കാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിച്ചത്. ഇടം കൈയനായ തിലക് വര്‍മ പുറത്തായപ്പോള്‍ മറ്റൊരു ഇടം കൈയനെ ഇറക്കുകയെന്നതും സ്പിന്നര്‍മാര്‍ക്കെതിരെ വമ്പനടികള്‍ക്ക് ശിവം ദുബെക്ക് കഴിയുമെന്നതും ടീം മാന്ജ്മെന്‍റ് കണക്കിലെടുത്തു. തിലക് വര്‍മക്ക പകരം സൂര്യകുമാര്‍ യാദവായിരുന്നു ആദ്യം പുറത്തായിരുന്നെതങ്കില്‍ സഞ്ജുവിന് അവസരം ലഭിക്കുമായിരുന്നുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ക്രീസിലെത്തിയ ശിവം ദുബെ ക്യാപ്റ്റന്‍ സൂര്യകുമാറിനൊപ്പം ക്രീസിലുറച്ച് ഇന്ത്യൻ വിജയം പൂര്‍ത്തിയാക്കി മടങ്ങിയതോടെ കരിയറിലാദ്യമായി പാകിസ്ഥാനെതിരെ കളിക്കാനിറങ്ങിയ സഞ്ജുവിന് ബാറ്റിംഗിന് അവസരം ലഭിച്ചില്ല.
ഇന്ത്യയുടെ അവസാന മത്സരം ദുര്‍ബലരായ ഒമാനെതിരെ ആണെന്നതിനാല്‍ മധ്യനിരയില്‍ തുടര്‍ന്നാല്‍ അവസാന മത്സരത്തിലും സഞ്ജുവിന് ബാറ്റിംഗിന് അവസരം കിട്ടാനുള്ള സാധ്യത കുറവാണ്. അവസാന മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങളൊന്നും ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയാലും ദുര്‍ബലരായ ഒമാനെതിരെ ഇന്ത്യ ഒരു ബാറ്റിംഗ് തകര്‍ച്ച പ്രതീക്ഷിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ മാത്രമെ സഞ്ജുവിന് ബാറ്റിംഗിന് അവസരം കിട്ടാനിടയുള്ളു.