
ന്യൂഡൽഹി : കേന്ദ്രസർക്കാർ ഏകപക്ഷീയമായി കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിന് ഭാഗിക സ്റ്റേ നൽകി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകൾക്കാണ് സുപ്രീംകോടതി സ്റ്റേ നൽകിയത്. അന്വേഷണം നടക്കുന്ന വേളയിൽ ഭൂമി വഖഫ് അല്ലാതെയായി മാറും എന്നുള്ളതടക്കമുള്ള വ്യവസ്ഥകൾ കോടതി സ്റ്റേ ചെയ്തു. ഹർജിക്കാർ ഉന്നയിച്ച പല കാര്യങ്ങളോടും സുപ്രീംകോടതി യോജിച്ചു.
വഖഫ് നൽകണമെങ്കിൽ അഞ്ചു വർഷം മുസ്ലിം ആയിരിക്കണം എന്ന വ്യവസ്ഥ സ്റ്റേ ചെയ്തു. മതവിശ്വാസിയാണോ എന്ന് കണ്ടെത്താനുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ വകുപ്പ് ഏകപക്ഷീയമായി അധികാരം പ്രയോഗിക്കുന്നതിലേക്ക് നയിക്കുമെന്ന് നിരീക്ഷിച്ചാണ് സ്റ്റേ. സ്വത്തു തർക്കത്തിൽ അന്തിമ തീരുമാനമെടുക്കാൻ ജില്ലാ കളക്ടർ അധികാരമില്ല. കളക്ടറുടെ അധികാരങ്ങൾ സ്റ്റേ ചെയ്തു.


