
റായ്പുർ : സെപ്റ്റംബർ 21 ന് ഛത്തീസ്ഗഡിലെ റായ്പുരില്‍ നടക്കാനിരിക്കുന്ന നഗ്ന പാർട്ടിയുടെ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിനു പിന്നാലെ സംഘാടകരെ അറസ്റ്റ് ചെയ്ത് പൊലീസ്.
അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം പുരോഗമിക്കുമ്ബോള്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 21ന് വൈകിട്ട് 4 മുതല്‍ രാത്രി വൈകുവോളം നഗ്ന പാർട്ടി എന്നായിരുന്നു പരസ്യം. 40,000 രൂപ ആണ് പ്രവേശന ഫീസ് നിശ്ചയിച്ചിരുന്നത്.
റായ്പുരിലെ ഹൈപ്പർ ക്ലബ് മാനേജർ ജെയിംസ് ബാക്ക്, സന്തോഷ് ജെവാനി, അജയ്
മഹാപത്ര, എസ്.എസ്.ഗുപ്ത, ടിനു സിങ്, ദേവേന്ദ്ര എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. സംഭവം രൂക്ഷമായ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കും വഴിയൊരുക്കി. ഭരണകക്ഷിയായ ബിജെപി സാമൂഹിക വിരുദ്ധർക്ക് സംരക്ഷണം നല്‍കുകയാണെന്ന് ഛത്തീസ്ഗഡ് കോണ്‍ഗ്രസ് മേധാവി ദീപക് ബൈജ് ആരോപിച്ചു.
‘സർക്കാർ തകരുമ്പോള്‍, നഗ്ന പാർട്ടികള്‍ ആരംഭിക്കും. സമൂഹമാധ്യമങ്ങളില്‍ പോസ്റ്ററുകള്‍ വൈറലായപ്പോഴും സർക്കാർ നിശബ്ദത പാലിച്ചു. ബിജെപി ഭരണത്തിന്റെ കീഴില്‍, സാമൂഹിക വിരുദ്ധർ പൂർണമായും നിയന്ത്രണാതീതമായിരിക്കുന്നു. സർക്കാർ സംരക്ഷണമില്ലാതെ, ഇത്തരമൊരു പരിപാടി എങ്ങനെ സാധ്യമാകും ? ഇത് സാധാരണ പൗരനു സംഘടിപ്പിക്കാൻ കഴിയുന്ന ഒന്നല്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഛത്തീസ്ഗഡിന്റെ സംസ്കാരത്തെ തകർക്കാൻ ബിജെപിയുടെ രക്ഷാകർതൃത്വത്തിലാണ് ഇത് നടത്തുന്നത്. ആഭ്യന്തരമന്ത്രിക്ക് തന്റെ വകുപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഓരോ ദിവസവും പുതിയ അഴിമതികള്‍ പുറത്തുവരുന്നു. ആരാണ് ഇതിന് ഉത്തരവാദികള്‍ ? സർക്കാർ ഉത്തരം നല്‍കണം” – ദീപക് ബൈജ് പറഞ്ഞു. അതേ സമയം, ഇക്കാര്യം തന്റെ അറിവില്‍ ഇല്ലെന്നും ഇത്തരം പരിപാടികള്‍ അനുവദിക്കില്ല എന്നും ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമ പറഞ്ഞു.
സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഛത്തീസ്ഗഡ് വനിതാ കമ്മിഷൻ ചെയർപേഴ്‌സണ്‍ ഡോ. കിരണ്‍മയി നായക് റായ്പുർ എസ്പിക്ക് 48 മണിക്കൂറിനുള്ളില്‍ പൂർണ റിപ്പോർട്ട് ആവശ്യപ്പെട്ട് കത്തെഴുതി. സംഘാടകർ, സ്പോണ്‍സർമാർ, ക്ഷണക്കത്ത് ഓണ്‍ലൈനായി പ്രചരിപ്പിക്കുന്നവർ എന്നിവർക്കെതിരെ അന്വേഷണം നടത്താൻ എസ്പിക്കും സൈബർ സെല്‍ മേധാവിക്കും വനിതാ കമ്മിഷൻ നിർദേശം നല്‍കി. അവസാനത്തെ ആളെയും പിടികൂടുന്നതുവരെ ദൈനംദിന പുരോഗതി അറിയിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.