
തിരുവനന്തപുരം:നിയമസഭാ സമ്മേളനം ഇന്ന് മുതൽ.വെറും 12 ദിവസത്തേക്കാണ് ഇത്തവണ നിയമസഭ ചേരുന്നതെങ്കിലും അതിലേറെ ദിവസങ്ങൾ കത്തിക്കാനുള്ള വിഷയങ്ങളുമായാണു പ്രതിപക്ഷവും ഭരണപക്ഷവും ഇന്നുമുതൽ സഭയിലെത്തുന്നത്.
ലൈംഗികാരോപണങ്ങളിൽപെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തെങ്കിലും എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ഭരണപക്ഷം ഉയർത്താം.
തിരികെ ഭരണപക്ഷത്തെ ആരോപണവിധേയരായ എംഎൽഎമാർക്കെതിരെ യുഡിഎഫ് തിരിയുമെന്ന കാര്യത്തിൽ സംശയമില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് വേട്ടയുടെ കഥകളാണു പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം. ഇതുവരെ പ്രതികരിക്കാത്ത മുഖ്യമന്ത്രിയെക്കൊണ്ട് സഭയിൽ മറുപടി പറയിക്കാനാവും ശ്രമം. കഴിഞ്ഞ സമ്മേളനത്തിലേതു പോലെ പ്രതിപക്ഷത്തിന്റെ മിക്ക അടിയന്തര പ്രമേയങ്ങളും ചർച്ച ചെയ്തേക്കാമെന്ന നിലപാട് സർക്കാർ സ്വീകരിക്കുമോയെന്നു കാത്തിരുന്നുകാണണം. വയനാട്ടിലെ കോൺഗ്രസ് നേതാക്കളുടെ ആത്മഹത്യ ഭരണപക്ഷം ഉന്നയിക്കും. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അവസാനത്തെ നിയമസഭാ സമ്മേളനമാണിത്.
ആരോഗ്യ വകുപ്പിനെതിരായ ആരോപണങ്ങൾ, വോട്ടർപട്ടിക പരിഷ്കരണം, ജിഎസ്ടി നിരക്കു മാറ്റം, കെ.ടി.ജലീൽ–പി.കെ.ഫിറോസ് പോര്, സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ തുടങ്ങിയവയൊക്കെ ചർച്ചയ്ക്കെത്താം.
നിലമ്പൂർ സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയും പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിക്കുകയും ചെയ്തതോടെ സഭയിൽ ഇപ്പോഴത്തെ കക്ഷിനില എൽഡിഎഫ് 97, യുഡിഎഫ് 42 എന്നിങ്ങനെയാണ്. രണ്ടാം പിണറായി സർക്കാർ ഭരണത്തിലെത്തുമ്പോൾ 99–41 ആയിരുന്നു സീറ്റുനില.