
കോട്ടയം : അമ്പാടിയായി നഗര ഗ്രാമങ്ങള്‍, വീഥികള്‍ നിറഞ്ഞ് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും. വര്‍ണാഭമായി ജില്ലയിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍. ഓടക്കുഴലും മയില്‍പീലിയും പീതാംബരവും ധരിച്ച ഉണ്ണിക്കണ്ണന്മാര്‍ വീഥികള്‍ കയ്യടക്കിയതോടെ നാട് അമ്പാടിയായി മാറുകയായിരുന്നു.
ഉച്ചകഴിഞ്ഞ് വിവിധ ഇടങ്ങളിലായി ആരംഭിച്ച പ്രധാന നഗരങ്ങളിലും ജംഗ്ഷനുകളിലും മഹാശോഭയാത്രയായി സംഗമിക്കുന്ന രീതിയിൽ ആയിരുന്നു ശ്രീകൃഷ്ണജയന്തി ആഘോഷം. ഉറിയടി, നിശ്ചലദൃശ്യം, ഗോപിക നൃത്തം എന്നിവ ശോഭായാത്രയുടെ മാറ്റുകൂട്ടി.
ഇണങ്ങിയും പിണങ്ങിയും ഓടക്കുഴലുമായി കുരുന്നുകൾ മത്സരിച്ച് ശോഭയാത്രയിൽ പങ്കെടുത്തത് കാഴ്ചക്കാർക്കും കുളിർമയുടെ അനുഭവമായി. ഇക്കുറി കൂളിംഗ് ഗ്ലാസും വെച്ച് എത്തിയ ഉണ്ണിക്കണ്ണൻമാരും കുറവായിരുന്നില്ല. പകൽ ചൂടിൽ ഐസ് ബാറും കയ്യിൽ പിടിച്ച് അവർ നടന്നു നീങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുനക്കരയിലും സമീപപ്രദേശങ്ങളിലും നിന്നുമുള്ള ശോഭയാത്രകൾ കോട്ടയം സെൻട്രൽ ജംഗ്ഷനിൽ സംഗമിച്ചപ്പോൾ നയനാന്ദരമായ കാഴ്ചകൾക്കാണ് സാക്ഷ്യം വഹിച്ചത്. നിരവധി കൃഷ്ണ വേഷധാരികളുടെ ചേലുള്ള നടത്തത്തിൽ നഗരം മതിമറന്നു തുടർന്ന് മഹാശോഭയാത്ര തിരുനക്കര മഹാദേവ ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. പലയിടങ്ങളിലും പായസവിതരണവും ഉൾപ്പെടെ ക്രമീകരിച്ചിരുന്നു ജില്ലയിൽ 1100 ആഘോഷങ്ങളിലായി 2000 സ്ഥലങ്ങളിൽ ആണ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭയാത്രകൾ നടന്നത്.