video
play-sharp-fill

Sunday, September 14, 2025

അമീബിക് മസ്തിഷ്ക ജ്വരം: പൂളിലെ വെള്ളം പൂർണ്ണമായി നീക്കണം, പൂൾഭിത്തി തേച്ചുരച്ച് ശുചിയാക്കണം; ആക്കുളം ടൂറിസ്റ്റ് വില്ലേജിന് കർശന നിർദേശം

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വിമ്മിം​ഗ് പൂളിൽ നിന്ന് 17കാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച സംഭവത്തിൽ ആക്കുളം ടൂറിസ്റ്റ് വില്ലേജ് അധികൃതർക്ക് ആരോഗ്യവകുപ്പിന്‍റെ കർശന നിർദ്ദേശം. പൂളിലെ മുഴുവൻ വെള്ളവും നീക്കം ചെയ്യണമെന്നും പൂൾ ഭിത്തി തേച്ചുരച്ച് ശുചീകരിക്കണമെന്നും ആരോ​ഗ്യവകുപ്പ് നിർദേശം നൽകി. പുതുതായി വെള്ളം നിറയ്ക്കുമ്പോൾ നിശ്ചിത അളവിൽ ക്ലോറിൻ നിലനിർത്തണം. പൂളിൽ നിന്ന് ശേഖരിച്ച സാമ്പിളിന്‍റെ ഫലം ചൊവ്വാഴ്ച ലഭിക്കും. പരിശോധന ഫലം കിട്ടയതിന് ശേഷമായിരിക്കും തുടർനടപടികൾ. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 17 കാരന്‍റെ ആരോഗ്യ നിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

17കാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് റിപ്പോർട്ട്‌ പകർപ്പ് ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചിരുന്നു. സ്വിമ്മിം​ഗ് പൂളിലെ വെള്ളം മൂക്കിൽ കയറിയതാണ് രോ​ഗകാരണമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. സംഘത്തിൽ ഉണ്ടായിരുന്നത് നാലു പേരാണ്. എന്നാൽ മറ്റു മൂന്ന് കുട്ടികൾക്കും ഇത് വരെ രോഗ ലക്ഷണങ്ങൾ ഇല്ലെന്ന് ആരോ​ഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. കുട്ടികൾ എല്ലാം നിരീക്ഷണത്തിൽ തുടരുകയാണ്. എല്ലാവരും സ്കൂൾ, ട്യൂഷൻ സെന്ററിലെ സഹപാഠികളാണ്. ഓഗസ്റ്റ് 16 നാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂളിൽ കുട്ടികൾ ഇറങ്ങിയത്. പിറ്റേന്ന് തന്നെ കുട്ടിക്ക് കടുത്ത തലവേദന ഉണ്ടായി. ശാരീരിക അസ്വസ്ഥത കൾ കൂടിയതോടെ നിംസിൽ ചികിത്സ തേടി.

രോഗം കലശലായതോടെ അനന്തപുരി ആശുപത്രിയിൽ എത്തി. ഇവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടി ഐസിയുവിൽ തുടരുകയാണ്. ഓഗസ്റ്റ് 16 മുതൽ ഇന്നലെ വരെ പൂളിൽ ഇറങ്ങിയവരുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ഇവരെയും നിരീക്ഷണത്തിലാക്കും. പൂളിലെ വെള്ളത്തിന്റെ പരിശോധന ഫലം വന്ന ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.