Sunday, November 23, 2025

‘ആഗോള അയ്യപ്പ സംഗമം തടയണം, ഹൈക്കോടതി വിധി അപകടകരമായ കീഴ്‌വഴക്കം’: സുപ്രീം കോടതിയിൽ ഹർജി

Spread the love
ദില്ലി: ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ആഗോള അയ്യപ്പ സംഗമം അനുവദിച്ച ഹൈക്കോടതി വിധി അപകടകരമായ കീഴ്‌വഴക്കമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഡോ.പിഎസ് മഹേന്ദ്ര കുമാർ നൽകിയ ഹർജിയിൽ പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ദേവസ്വം ബോർഡുകളെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്.

video
play-sharp-fill

ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം അധികാരമില്ലെന്നും ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ ക്ഷേത്ര ഫണ്ട് സംസ്ഥാന സർക്കാർ ഉപയോഗിക്കുന്നുവെന്നും ഹര്‍ജിക്കാരൻ വാദിക്കുന്നു.

ഹൈക്കോടതി അനുമതി നിബന്ധനകളോടെ

വ്യവസ്ഥകൾക്ക് വിധേയമായാണ് സംസ്ഥാന സർക്കാരിനും ദേവസ്വം ബോർ‍ഡിനും ആഗോള അയ്യപ്പ സംഗമം നടത്താൻ ഹൈക്കോടതി അനുമതി നൽകിയത്. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ ദേവസ്വം ബെ‌ഞ്ച് പുറപ്പെടുവിച്ചു. പമ്പയുടെ പരിശുദ്ധി പൂർണമായി കാത്ത് സൂക്ഷിച്ചുകൊണ്ടാകണം പരിപാടി നടത്തേണ്ടത്. പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഇപ്പോഴോ പിന്നീടോ പ്രത്യേക പരിഗണന പാടില്ല. സ്പോൺസറിങ് അടക്കം സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരിക്കണം. സംഗമം നടത്തിയ 45 ദിവസങ്ങൾക്കുളളിൽ ഓഡിറ്റിങ് നടത്തി ദേവസ്വം സ്പെഷൽ കമ്മീഷണർ മുഖേന കണക്കുകൾ ദേവസ്വം ബെഞ്ചിനെ അറിയിക്കണം. സാധാരണ തീർഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും ഇക്കാര്യം സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡുും ഉറപ്പുവരുത്തണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.