
ദുബായ് : യുഎഇയിൽ അന്താരാഷ്ട്ര കാർഡ് ഉപയോഗത്തിനുള്ള ചെലവ് വർധിക്കുന്നു. ബാങ്കുകൾ വിദേശ ഇടപാട് ഫീസ് 2.09% ൽ നിന്ന് 3.14% ആയി ഉയർത്തി. ഇത് ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. ഉയർന്ന ഫീസുകൾ ഒഴിവാക്കാൻ ശ്രദ്ധയോടെയുള്ള സമീപനം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
കുറഞ്ഞ ഫോറെക്സ് ഫീസുള്ള കാർഡുകൾ തെരഞ്ഞെടുക്കുക, ഉയർന്ന ക്യാഷ്ബാക്ക് നേടാൻ ശ്രമിക്കുക, ഡൈനാമിക് കറൻസി കൺവേർഷൻ ഒഴിവാക്കുക, എടിഎം ഉപയോഗം പരിമിതപ്പെടുത്തുക, പ്രീപെയ്ഡ് ട്രാവൽ കാർഡുകൾ പരിഗണിക്കുക, ഫീസുകൾ മുൻകൂട്ടി അറിയുക, പുതിയ പേയ്‌മെന്റ് ഓപ്ഷനുകൾ തേടുക എന്നിവയാണ് ഈ അധിക ചിലവുകൾ കുറയ്ക്കാൻ സഹായിക്കുന്ന ചില വഴികൾ.
5,000 ദിർഹത്തിന്റെ പർച്ചേസിന് ഏകദേശം 157 ദിർഹം അധികമായി നൽകേണ്ടി വരും. ഇത് യാത്രക്കാർക്കും ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നവർക്കും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. വിദേശത്ത് പണം ചിലവഴിക്കുമ്പോൾ നിങ്ങളുടെ ദിർഹം എങ്ങനെ സംരക്ഷിക്കാമെന്നും എങ്ങനെ പണം ലാഭിക്കാമെന്ന് ചോദിച്ചാൽ കുറഞ്ഞതോ പൂജ്യമോ ഫോറെക്സ് ഫീസുള്ള കാർഡുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
FAB Infinite Travel, FAB Low Rate, and ADCB Traveller Cards തുടങ്ങിയവ കുറഞ്ഞതോ അല്ലെങ്കിൽ പൂജ്യമോ വിദേശ വിനിമയ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഇത്തരം കാർഡുകൾ സ്ഥിരമായി അന്താരാഷ്ട്ര ഇടപാടുകൾ നടത്തുന്നവർക്ക് അനുയോജ്യമാണ് . നിങ്ങളുടെ നിലവിലെ കാർഡിന് ഫീസ് ഒഴിവാക്കാൻ സാധിക്കുന്നില്ലെങ്കിൽ, കൂടുതൽ ക്യാഷ്ബാക്ക് ലഭിക്കുന്ന കാർഡുകൾ പരിഗണിക്കാവുന്നതാണ്.
സിറ്റി ക്യാഷ്ബാക്ക് അല്ലെങ്കിൽ അൽ ഹിലാൽ ക്യാഷ്ബാക്ക് പോലുള്ള കാർഡുകൾ ഫീസുകൾക്ക് ആനുപാതികമായുള്ള റിവാർഡുകൾ നൽകി ഉപയോക്താക്കളെ സഹായിക്കുന്നു. ഡൈനാമിക് കറൻസി കൺവേർഷൻ നിങ്ങളുടെ ബാങ്കിന്റെ 3.14% ഫീസിന് പുറമെ 5-7% വരെ അധികം ഈടാക്കാൻ സാധ്യതയുണ്ട്. അതിനാൽ എപ്പോഴും പ്രാദേശിക കറൻസിയിൽ തന്നെ പണം നൽകാൻ ശ്രമിക്കുക.