നാല്‌ ക്രിമിനല്‍ കേസുകളിൽ പ്രതി; ജാമ്യമില്ലാ വാറന്റ് ; ‘ഒളിവിലായ’ സിനിമാ സംവിധായിക കേരളത്തിലെത്തി പോലീസ്‌ വെരിഫിക്കേഷനും നടത്തി പാസ്‌പോര്‍ട്ടും പുതുക്കി യു.കെയിലേക്ക്‌ മടങ്ങി; വിവാദമായി പൊലീസ് നടപടി

Spread the love

കൊച്ചി: ജാമ്യമില്ലാ വാറന്റും ലുക്കൗട്ട്‌ സര്‍ക്കുലര്‍ നടപടികളും നേരിടുന്ന യുവതി വിദേശത്തുനിന്നു കേരളത്തിലെത്തി പാസ്‌പോര്‍ട്ട്‌ പുതുക്കി തിരിച്ചുപോയി.

പോലീസ്‌ രേഖകളില്‍ ‘ഒളിവിലായ’ പത്തനാപുരം സ്വദേശിനി ഹസീന സുനീറാണ്‌ യു.കെയില്‍ നിന്നു വന്ന്‌ പാസ്‌പോര്‍ട്ട്‌ പുതുക്കി അവിടേക്കുതന്നെ കടന്നത്‌. ഒന്നിലേറെ കേസുകള്‍ നിലനില്‍ക്കുമ്പോഴും നൂറനാട്‌ പോലീസ്‌ ഹസീനയുടെ പാസ്‌പോര്‍ട്ട്‌ പുതുക്കാന്‍ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌ വിവാദമായിട്ടുണ്ട്‌.

യു.കെയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി സുനില്‍ ജി.ആര്‍. നായര്‍ എറണാകുളം റേഞ്ച്‌ ഡി.ഐ.ജിക്ക്‌ ഇതുസംബന്ധിച്ച്‌ പരാതി നല്‍കി.
പ്രകാശന്റെ മെട്രോ എന്ന സിനിമയുടെ സംവിധായികയാണു ഹസീന സുനീര്‍. പാസ്‌പോര്‍ട്ട്‌ പുതുക്കി ലഭിക്കുമ്പോള്‍ ഹസീനയ്‌ക്കെതിരേ കേരളത്തില്‍ കുറഞ്ഞത്‌ നാല്‌ ക്രിമിനല്‍ കേസുകളെങ്കിലും നിലവിലുണ്ടെന്നു പരാതിയില്‍ പറയുന്നു.

ഇതില്‍ രണ്ടു കേസുകളില്‍ ജാമ്യമില്ലാ വാറണ്ടുമുണ്ട്‌. 2.5 കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച്‌ ചാവക്കാട്‌ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇവര്‍ ഒളിവിലാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇത്രയും കേസുകള്‍ നിലനില്‍ക്കുമ്പോഴാണ്‌ നൂറനാട്‌ പോലീസ്‌ ഹസീനയുടെ പാസ്‌പോര്‍ട്ട്‌ പുതുക്കുന്നതിന്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌.