പരിശീലനത്തിനിടെ മരിച്ച മലയാളി ജവാൻ ബാലു എസിന് ജന്മനാടിന്റെ കണ്ണീർവിട

Spread the love

നേമം: ദെഹ്റാദൂണിലെ സൈനിക അക്കാദമിയിൽ പരിശീലനത്തിനിടെ മരിച്ച സൈനികൻ എസ്‌.ബാലുവിന്‌ നാടിന്റെ അന്ത്യാഞ്ജലി. നേമം വെള്ളായണി സ്റ്റുഡിയോ റോഡ് കണ്ടമത്ത് വീട്ടിൽ പരേതനായ ശെൽവരാജിന്റെയും സരോജത്തിന്റെയും മകൻ എസ്.ബാലുവിന്റെ മൃതദേഹമാണ് പൊതുദർശനത്തിനായി വീട്ടിൽ കൊണ്ടുവന്നത്.

ദെഹ്റാദൂണിൽനിന്ന് വെള്ളിയാഴ്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഭൗതികശരീരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥരും സംസ്ഥാന സർക്കാർ പ്രതിനിധികളും ചേർന്ന് സമ്പൂർണ ബഹുമതികളോടെ സ്വീകരിച്ചു.

ചീഫ് ഓഫ് ആർമി സ്റ്റാഫ്, ജനറൽ ഒഫീസർ കമാൻഡിങ് കേരള ആൻഡ് കർണാടക സബ് ഏരിയ, പാങ്ങോട് സൈനികകേന്ദ്ര മേധാവി എന്നിവർക്കായി പ്രതിനിധികൾ പുഷ്പചക്രമർപ്പിച്ചു. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ലാ കളക്ടർ അനുകുമാരി പുഷ്പചക്രമർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിടെനിന്ന്‌ പാങ്ങോട് മിലിട്ടറി ആശുപത്രിയിലെത്തിച്ച മൃതദേഹം പ്രത്യേകം അലങ്കരിച്ച സൈനികവാഹനത്തിൽ രാവിലെ എട്ടരയോടെ പാപ്പനംകോട് വിശ്വംഭരൻ റോഡിലെ വാടകവീട്ടിലേക്കു കൊണ്ടുവന്നു.

മൃതദേഹത്തിൽ മന്ത്രി വി.ശിവൻകുട്ടി, കൗൺസിലർമാരായ ശ്രീദേവി, ആശാനാഥ്, ഡിസിസി ജനറൽ സെക്രട്ടറി കൈമനം പ്രഭാകരൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് സജി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടുകൂടി ശാന്തികവാടത്തിലെത്തിച്ച് സൈനികബഹുമതികളോടെ സംസ്കരിച്ചു.

പരീക്ഷയെഴുതി ലഫ്റ്റനന്റായി സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് മൂന്നു മാസത്തെ പരിശീലനത്തിനായി ബാലു മിലിട്ടറി അക്കാദമിയിലെത്തിയത്. അവിടെ നീന്തൽപരിശീലനത്തിനിടെയായിരുന്നു മരണം.

ദെഹ്റാദൂണിലെ സൈനിക അക്കാദമിയിൽ പരിശീലന ത്തിനിടെ മലയാളി സൈനികൻ എസ്. ബാലു മരിച്ചതിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു. ആർമി കേഡറ്റ് കോളേജ് വഴി സ്പെഷ്യൽ കമ്മിഷൻഡ് ഓഫീസറായി സെലക്ഷൻ ലഭിച്ച ബാലു അക്കാദമിയിൽ പരിശീലനം നടത്തിവരുകയായിരുന്നു.

നീന്തൽ പരിശീലനത്തിനിടെ വെള്ളത്തിൽ മുങ്ങിത്താഴ്ന്നാണ് ബാലു മരിച്ചത്. പരിശീലനത്തിനിടെ മുൻപ് 2017-ലും 2019-ലും സൈനികർ മരിച്ച സംഭവങ്ങ ളുണ്ടായിട്ടുണ്ട്