മലയാളികളെ മഴ മഴ കുട കുട പാടിച്ച ശങ്കർ കൃഷ്ണമൂർത്തി ഇനി ഓർമ

Spread the love

കോട്ടയം: ഒരുകാലത്ത് കുട്ടികള്‍ പാടി നടന്ന ”മഴ മഴ, കുട കുട.. മഴ വന്നാല്‍ പോപ്പിക്കുട…” ജനപ്രിയ പരസ്യവാചകം മലയാളികള്‍ക്ക് മറക്കാനാകില്ല. ഈ വാചകത്തിന്റെ സ്രഷ്ടാവും പ്രശസ്ത പരസ്യ കോപ്പിറൈറ്ററുമായ ശങ്കര്‍ കൃഷ്ണമൂര്‍ത്തി (ശിവ കൃഷ്ണമൂര്‍ത്തി) ചെന്നൈയില്‍ അന്തരിച്ചു. മലയാള പരസ്യലോകത്ത് ആധുനികതയുടെ ആദ്യ മുഖമായി മാറിയ വ്യക്തിയായിരുന്നു അദ്ദേഹം.

1939-ല്‍ ആലപ്പുഴയില്‍ ജനിച്ച ശങ്കര്‍ കൃഷ്ണമൂര്‍ത്തി 1975 മുതല്‍ 1990 വരെ കോട്ടയത്തായിരുന്നു താമസം. ”പുറത്ത് നിന്ന് നോക്കിയാല്‍ ചെറിയ കട, അകത്തോ അതിവിശാലമായ ഷോറൂം” എന്ന കോട്ടയം അയ്യപ്പാസ് പരസ്യവാചകവും അദ്ദേഹത്തിന്റെ കൃതിയാണ്.

പ്രമുഖ പരസ്യകമ്പനി കെ.പി.ബിയുടെ ക്രിയേറ്റീവ് ഡയറക്ടറും കോപ്പി റൈറ്ററുമായാണ് അദ്ദേഹം കോട്ടയത്ത് പ്രവര്‍ത്തിച്ചത്. തിരുനക്കരയില്‍ ഭാരത് ആശുപത്രിയുടെ സമീപത്താണ് അദ്ദേഹം താമസിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീമ ജൂവലറിയുടെ ‘ഭീമ ബോയ്’ അദ്ദേഹത്തിന്റെ ഭാവനയില്‍ പിറന്നതാണ്. എണ്‍പതുകളില്‍ ‘പാലാട്ട്’ അച്ചാര്‍, ‘വി ഗൈഡ്’ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കും പേര് നല്‍കി. കോട്ടയത്തെ പാലത്തിങ്കല്‍ കുടുംബത്തിന്റേതായിരുന്നു പാലാട്ട് അച്ചാര്‍ എന്ന ഉത്പന്നം.

ശങ്കര്‍ കൃഷ്ണമൂര്‍ത്തി രൂപംകൊടുത്ത ‘പാലാട്ട് രുചി ലോകത്തിന്റെ സാമ്രാട്ട്’ എന്ന പരസ്യവാചകം വാക്കുകളില്‍ സ്വാദ് നിറച്ചു. ‘സ്വാദിഷ്ഠമായ’ എന്ന് അര്‍ഥം വരുന്ന പാലറ്റബിള്‍ എന്ന ഇംഗ്ലീഷ് വാക്കും പാലത്തിങ്കല്‍ എന്ന കുടുംബപ്പേരും ചേര്‍ത്താണ് പാലാട്ട് എന്ന പേര് നല്‍കിയത്.

തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ അദ്ദേഹത്തിന് വലിയ പ്രാവീണ്യമുണ്ടായിരുന്നു. തമിഴ് പ്രസിദ്ധീകരണങ്ങളില്‍ മുന്നൂറിലധികം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ‘കാലചക്രം'(2002) എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും തയ്യാറാക്കി.

പിന്നീട് അദ്ദേഹം ചെന്നൈയിലെ പ്രമുഖ പരസ്യകമ്പനിയില്‍ ജോലി സ്വീകരിച്ച് അവിടേയ്ക്ക് താമസം മാറ്റുകയായിരുന്നു. ജീവിതത്തിന്റെ അവസാനകാലംവരെയും സജീവമായിരുന്ന അദ്ദേഹത്തിന്റെ പുതിയകഥ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലീഷ് മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു.