
തിരുവനന്തപുരം: കിലയും യുഎന്‍ യൂണിവേഴ്‌സിറ്റിയും ഗവേഷണ-പഠന സഹകരണം ആരംഭിക്കുന്നു.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും (കില) ബ്രസല്‍സിലുള്ള ഐക്യ രാഷ്ട്രസഭ സര്‍വകലാശാലയുടെ ഗവേഷണ സ്ഥാപനമായ UNU-CRIS ഉം തമ്മില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനായി താല്‍പര്യപത്രത്തില്‍ ഒപ്പുവച്ചു.
പ്രാദേശിക ഭരണകൂടങ്ങളുടെ ശേഷി വര്‍ധിപ്പിക്കല്‍, ഗവേഷണം, നയ പിന്തുണ, അനുഭവ പരിചയാധിഷ്ഠിത പഠനം എന്നിവയില്‍ സഹകരണം വികസിപ്പിക്കുകയാണ് ലക്ഷ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
താല്‍പര്യപത്രം അനുസരിച്ച് സംയുക്ത ഗവേഷണ പ്രവര്‍ത്തനങ്ങള്‍, സംയുക്ത നയരൂപീകരണ പ്രവര്‍ത്തനങ്ങള്‍, പരിശീലന പരിപാടികള്‍, ശേഷി വര്‍ധന പ്രവര്‍ത്തനങ്ങള്‍, സ്റ്റുഡന്റ് എക്സ്ചേഞ്ച്, സംയുക്ത പ്രസിദ്ധീകരണങ്ങള്‍, വിവര-പ്രസിദ്ധീകരണ കൈമാറ്റം എന്നിവയില്‍ സഹകരണം നടപ്പാക്കും.
കേരളത്തിന്‍റെ നഗരവികസനം, വികേന്ദ്രീകൃത ഭരണകൂടം, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്കരണം തുടങ്ങിയ മേഖലകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന-ഗവേഷണങ്ങള്‍ ഇതിലൂടെ സാധ്യമാകും. ഉദ്യോഗസ്ഥര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള പരിശീലനം ലഭ്യമാക്കാനും, നൂതന നയങ്ങള്‍ രൂപപ്പെടുത്താനും ഈ സഹകരണം വഴിയൊരുക്കും.
കേരളത്തിലെ ഗ്രാമ-നഗര ഭരണകൂടങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയര്‍ത്തുന്നതിനും ആഗോള തലത്തിലുള്ള അറിവുകള്‍ പങ്കുവെയ്ക്കുന്നതിനും ഈ താല്‍പര്യപത്രം നിര്‍ണായകമാകും. ഐക്യരാഷ്ട്രസഭയുമായുള്ള സഹകരണം യാഥാര്‍ഥ്യമാകുന്നതോടെ കിലയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങും.