
ആലപ്പുഴ: കമ്യൂണിസം ആഴത്തിൽ വേരോടിയ വൈക്കം പുളിഞ്ചുവട്ടിലെ വീട്ടിൽനിന്നാണു ബിനോയ് വിശ്വം (69) രാഷ്ട്രീയത്തിലേക്കു പുറപ്പെട്ടത്.
പുസ്തകം വായിച്ചല്ല, ജീവിതത്തിൽനിന്നു നേരിട്ടു കമ്യൂണിസ്റ്റായതാണ്. അമ്മ പാടിയ പടപ്പാട്ടുകൾ കേട്ടു വളർന്നു, അച്ഛൻ രാഷ്ട്രീയ ഉപദേശം നൽകി. നവോത്ഥാനത്തിനു തടമൊരുക്കി വളമിട്ട വൈക്കത്തിന്റെ മണ്ണിൽനിന്നു ബിനോയ് വിശ്വം വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയാകുമ്പോൾ അതിലൊരു ആവർത്തനത്തിന്റെ കൗതുകമുണ്ട്. കാനം രാജേന്ദ്രനു പിന്നാലെ സെക്രട്ടറിയായ ബിനോയിയും കോട്ടയം ജില്ലക്കാരൻ.
വൈക്കം എംഎൽഎയും സിപിഐ നേതാവുമായിരുന്ന സി.കെ. വിശ്വനാഥന്റെയും മഹിളാസംഘം നേതാവായിരുന്ന സി.കെ.ഓമനയുടെയും മകനായി 1955 നവംബർ 25ന് ജനിച്ച ബിനോയി രാഷ്ട്രീയ പ്രവർത്തകനാകാൻ ഉറപ്പിച്ചപ്പോൾ പിതാവ് 2 ഉപദേശം നൽകി: പാവപ്പെട്ട മനുഷ്യരോടു കൂറുണ്ടാകണം, കൈയിൽ കളങ്കത്തിന്റെ കറ പുരളരുത്. കമ്യൂണിസ്റ്റെന്നാലെന്ത് എന്നതിന്റെ നിർവചനം തന്നെയായി അതു ശിരസ്സിൽ സ്വീകരിച്ചു ബിനോയ് ബാലവേദി സംഘടിപ്പിച്ചു ദൗത്യം തുടങ്ങി

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാലവേദിയിൽനിന്നുയർന്ന് എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും യൂണിറ്റ് മുതൽ ഉന്നത ഘടകങ്ങളിൽ വരെ നേതൃസ്ഥാനത്തു പ്രവർത്തിച്ചിട്ടുണ്ട്.
എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, ലോക ജനാധിപത്യ യുവജന ഫെഡറേഷൻ വൈസ് പ്രസിഡന്റ്, ഏഷ്യ പസിഫിക് കമ്മിഷൻ ചെയർമാൻ തുടങ്ങിയവ പട്ടികയിൽ പ്രധാനം. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം, എഐടിയുസി വർക്കിങ് പ്രസിഡന്റ്, സിപിഐ മുഖപത്രമായ ‘ന്യൂ ഏജി’ന്റെ പത്രാധിപർ തുടങ്ങിയ ചുമതലകളുണ്ട് ഇപ്പോൾ. ‘ജനയുഗം’ ദിനപത്രത്തിന്റെയും പത്രാധിപരായിരുന്നു.
6 വർഷം രാജ്യസഭാംഗവും 2 തവണ നാദാപുരത്തു നിന്ന് എംഎൽഎയുമായി. വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ (2006 – 11) വനം, ഭവനനിർമാണ മന്ത്രിയായി.
കമ്യൂണിസ്റ്റ് പോരാളിയായിരുന്ന കൂത്താട്ടുകുളം മേരിയുടെ മകൾ ഷൈല പി.ജോർജാണ് (കേരള ഗ്രാമീൺ ബാങ്ക് മുൻ മാനേജർ) ജീവിതപങ്കാളി. മക്കൾ: രശ്മി ബിനോയ് (മാധ്യമപ്രവർത്തക), സൂര്യ ബിനോയ് (ഹൈക്കോടതി അഭിഭാഷക). എഴുത്തു നിറഞ്ഞ കുടുംബമാണ്. കവിതകളും ലേഖനങ്ങളും എഴുതുന്ന ബിനോയ് വിശ്വം, കവിയായ ജീവിതപങ്കാളി ഷൈല, കവിതയും കഥയുമെഴുതുന്ന മക്കൾ രശ്മിയും സൂര്യയും. വയലാറിന്റെയും പി.ഭാസ്കരന്റെയും ചുള്ളിക്കാടിന്റെയും കവിതകളാണ് ബിനോയിക്ക് ഏറെ പ്രിയം. ഒഴിവു കിട്ടിയാൽ സിനിമ കാണാനും ഇഷ്ടം.
പരിസ്ഥിതി പോരാട്ടങ്ങളിൽ എന്നും മുന്നിലുണ്ട് ബിനോയ് വിശ്വം. മന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ ‘ആഗോള താപനം: മരമാണു മറുപടി’ എന്ന പദ്ധതി ശ്രദ്ധ നേടിയിരുന്നു.