
കൊല്ലം:കൊട്ടാരക്കരയില്‍ സദാചാര ആക്രമണം നേരിട്ട ദമ്പതികള്‍ക്കെതിരെ യുവതി നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.സദാചാര ആക്രമണം നേരിട്ട ബിമല്‍ ബാബു ഇക്കാര്യം വ്യക്തമാക്കിയത്.
സദാചാര ആക്രമണം നടത്തിയ പെണ്‍കുട്ടി തന്നെ തനിക്കെതിരെ സൈബർ സെല്ലില്‍ പരാതി നല്‍കിയെന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്. പിന്നീട് ഇതേ പെണ്‍കുട്ടി കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലും പരാതി നല്‍കുകയായിരുന്നു.
ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകുംവഴി ദേഹാസ്വാസ്ഥ്യം നേരിട്ടതിനെത്തുടർന്നാണ് ബിമല്‍ ബാബുവും ഭാര്യയും വഴിയരികില്‍ കാർ നിർത്തിയിട്ട് വിശ്രമിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയം സമീപവാസിയായ പെണ്‍കുട്ടി ഗുരുതര ആരോപണങ്ങളുയർത്തി രംഗത്ത് വരികയും സമീപവാസികളെ വിളിച്ചുവരുത്തുകയുമായിരുന്നു. ഇതോടെയാണ് ബിമല്‍ ബാബു സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
പെണ്‍കുട്ടി വിളിച്ചുവരുത്തിയ ഒരാള്‍ വന്ന് കാറിൻറെ വിഡിയോ എടുത്തതിനുശേഷമാണ് താൻ ഫോണിൻറെ ക്യാമറ ഓണ്‍ ചെയ്തതെന്നും ബിമല്‍ പറയുന്നു. ഒപ്പമുള്ളത് തന്റെ ഭാര്യയാണെന്നും തങ്ങള്‍ക്ക് രണ്ട് വയസുള്ള മകനുണ്ടെന്നുമെല്ലാം ബിമല്‍ ഇവരോട് പറഞ്ഞിരുന്നു. പറഞ്ഞതെല്ലാം തെറ്റാണെന്ന് മനസിലായിട്ടും ആ പെണ്‍കുട്ടി മാപ്പ് പറയാൻ തയാറായില്ലെന്നും അദ്ദേഹം പറയുന്നു.
ആ പെണ്‍കുട്ടി പരസ്യമായി മാപ്പു പറയണമെന്നതായിരുന്നു ബിമല്‍ ബാബുവിന്റെ ആവശ്യം. എന്നാല്‍ അതിന് ആ കുട്ടിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാകും എന്ന് തോന്നിയതുകൊണ്ട് ഇനി ഈ പ്രശ്നത്തിൻറെ പേരില്‍ മറ്റ് പരാതികള്‍ നല്‍കില്ലെന്നും അറിയാതെ ചെയ്തതാണെന്നും എഴുതി തരാൻ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണെങ്കില്‍ ഈ വിഡിയോ ആർക്കൈവ് ചെയ്യാം എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ആ പെണ്‍കുട്ടി അതിനും തയാറല്ല.
വിഡിയോ എടുത്തതിന് ബിമല്‍ ബാബു മാപ്പ് പറയണമെന്ന നിലപാടിലാണ് പെണ്‍കുട്ടി. ഈ വിഡിയോ റീഷെയർ ചെയ്ത എല്ലാവരെയും കൊണ്ട് അത് ഡിലീറ്റ് ചെയ്യിപ്പിക്കണം എന്നും പെണ്‍കുട്ടി ആവശ്യപ്പെടുന്നു. സദാചാര ആക്രമണത്തിന് ആ പെണ്‍കുട്ടിക്കെതിരെ ബിമല്‍ ബാബുവും പരാതി നല്‍കിയിട്ടുണ്ട്.