
കോട്ടയം: ആധുനികരീതിയിൽ നവീകരിക്കുന്ന ചങ്ങനാശേരി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു.
ജോബ് മൈക്കിൾ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള 7.05 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം. വിവിധ വർഷത്തെ എം.എൽ.എ. ഫണ്ടുകൾ സംയോജിപ്പിച്ച് പ്രത്യേക അനുമതി വാങ്ങിയെടുത്താണു നിർമാണം സാധ്യമാക്കിയതിതെന്നു അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു.
പൊതുമരാമത്ത് വകുപ്പാണ് നിർമാണം. 905 ചതുരശ്ര മീറ്ററിൽ രണ്ടുനിലകളിലായി ഓവൽ ആകൃതിയിലാണ് കെട്ടിടത്തിന്റെ രൂപകൽപന. ഒന്നാം നിലയുടെ കോൺക്രീറ്റിങ് ജോലികൾ നിലവിൽ പുരോഗമിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻക്വയറി ആൻഡ് ടിക്കറ്റ് കൗണ്ടർ, പോലീസ് എയ്ഡ് പോസ്റ്റ്, കോഫി ബാർ, ഹെൽത്ത് റൂം, സ്റ്റേഷൻ മാസ്റ്ററുടെ മുറി, കാത്തിരിപ്പ് മുറി, സെക്യൂരിറ്റി മുറി, ഇലക്ട്രിക്കൽ മുറി, മുലയൂട്ടൽ മുറി എന്നിവ താഴത്തെ നിലയിൽ സജ്ജീകരിക്കും.
ഒന്നാം നിലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ശീതീകരിച്ച ഡോർമിറ്ററി സൗകര്യമുണ്ടാകും. റിസപ്ഷൻ, ക്ലോക്ക് റൂം, കെയർടേക്കർ മുറി, ബേക്കറി, ജ്യൂസ് പാർലർ എന്നിവയും ഈ നിലയിൽ പ്രവർത്തിക്കും.
കാലപ്പഴക്കത്തെത്തുടർന്ന് അപകട ഭീഷണിയിലായ പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് നിലവിലെ കെട്ടിടം നിർമിക്കുന്നത്. നിലവിൽ യാത്രക്കാർക്കായി താൽക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം ഒരുക്കിയിട്ടുണ്ട്.