
കൊച്ചി:പി.പി.തങ്കച്ചന് ആദരാഞ്ജലിയർപ്പിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. പെരുമ്പാവൂർ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിനടുത്തുള്ള വീട്ടിലെ പൊതുദർശനത്തിൽ, ആദരാഞ്ജലിയർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽനിന്നു നൂറുകണക്കിനു പേരാണ് എത്തുന്നത്.
ഇന്നലെ വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു തങ്കച്ചന്റെ അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു 88 കാരനായ അദ്ദേഹം.
ആലുവയിൽനിന്ന് രാവിലെ പതിനൊന്നരയോടെയാണ് ഭൗതികശരീരം പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചത്. നാളെ ഉച്ച വരെയാണ് പൊതുദർശനം. ഒരു മണിക്ക് സംസ്കാര ശുശ്രൂഷ ആരംഭിക്കും. രണ്ടരയോടെ നെടുമ്പാശേരി അകപ്പറമ്പ് കുടുംബവീടിന് സമീപത്തെ മാർ ശാബോർ അഫ്രോത്ത് യാക്കോബായ കത്തീഡ്രൽ പള്ളിയിൽ എത്തിക്കും. മൂന്നരയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും അടക്കമുള്ള നേതാക്കള്‍ നേരത്തേ തങ്കച്ചന്റെ വീട്ടിലെത്തിയിരുന്നു. ഉച്ചയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്. ഇതോടെ സതീശൻ അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പം അന്ത്യാഞ്ജലി അർപ്പിച്ചു.
മന്ത്രിമാരായ പി.രാജീവ്, കെ.എൻ.ബാലഗോപാൽ, കെ.കൃഷ്ണൻ കുട്ടി, നടൻ ജയറാം, എംപിമാർ, എംഎൽഎമാർ, കെപിസിസി മുൻ അധ്യക്ഷന്‍ വി.എം.സുധീരൻ, ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണൻ, മറ്റു രാഷ്ട്രീയ നേതാക്കൾ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങി ഒട്ടേറെപ്പേരാണ് തങ്കച്ചന് ആദരാഞ്ജലിയർപ്പിക്കാൻ വീട്ടിലെത്തിയത്.