കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കി; പൊലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി

Spread the love

തൃശ്ശൂര്‍: തൃശ്ശൂരിൽ കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചു. വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന് ഷോകോസ് നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.

പേപ്പട്ടിയെപ്പോലെ പ്രവര്‍ത്തിക്കുന്ന പൊലീസുകാരെ പേപ്പട്ടിയെ കൈകാര്യം ചെയ്യുന്നതുപോലെ കൈകാര്യം ചെയ്യുമെന്ന് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പ്രതികരിച്ചു. മുള്ളൂർക്കരയിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് കെഎസ്.യു പ്രവർത്തകരെയാണ് കോടതിലേക്ക് കറുത്തമുഖം മൂടി വച്ച് മുഖം മറച്ച് കൊണ്ട് വന്നത്.

കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്‍റ് ഗണേഷ് ആറ്റൂര്‍ , ജില്ലാ കമ്മിറ്റി അംഗം അല്‍ അമീന്‍, കിള്ളി മംഗലം ആട്സ് കോളേജ് യൂണിറ്റ് പ്രസിഡന്‍റ് അസ്ലം കെ.കെ എന്നിവരെയാണ് മുഖം മൂടി ധരിപ്പിച്ച് കോടതിയിലെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിഭാഷകൻ മജിസ്‌ട്രേറ്റിനെ ഈ വിവരം അറിയിച്ചതിനെ തുടർന്ന് കോടതി വടക്കാഞ്ചേരി എസ്ഐ ഹുസൈനാരോട് വിശദീകരണം തേടി. തിരിച്ചറിയൽ പരേഡ് നടത്താനാണ് പ്രതികളെ മുഖംമൂടി ധരിപ്പിച്ചത് എന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

എന്നാൽ, പരാതിക്കാർ എഫ്ഐആറിൽ പേര് രേഖപ്പെടുത്തിയ അതേ പ്രതികളെ തന്നെയാണ് കോടതിയിൽ ഹാജരാക്കിയത് എന്നതിനാൽ എന്ത് തിരിച്ചറിയലാണ് നടത്താനുള്ളതെന്ന കോടതിയുടെ ചോദ്യത്തിന് പൊലീസ് ഉദ്യോഗസ്ഥന് വ്യക്തമായ മറുപടി നൽകാനായില്ല.

എസ്എച്ച്ഒയുടെ നടപടിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനും റിപ്പോർട്ട് ചെയ്യാനും ഷോക്കോസ് നോട്ടീസ് നൽകാനും കോടതി നിര്‍ദ്ദേശം നല്‍കി. കെഎസ്‌യു പ്രവർത്തകരായ ഗണേഷ് ആറ്റൂർ, അൽ അമീൻ, അസ്ലാം എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.

കേസിലെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. മുഖം മൂടി ധരിപ്പിച്ച് കോടതിയിലെത്തിച്ച നടപടിയ്ക്കെതിരെ കോണ്‍ഗ്രസ് തിങ്കഴാഴ്ച വടക്കാഞ്ചേരി സ്റ്റേഷനിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുമുണ്ട്