അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്ന കങ്കണയുടെ ഹർജി തള്ളി സുപ്രിംകോടതി

Spread the love

ബോളിവുഡ് നടിയും എം.പിയുമായ കങ്കണക്കെതിരായ അപകീർത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫയല്‍ ചെയ്ത ഹർജി സുപ്രിം കോടതി തള്ളി.2021 ലെ കർഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ കുറിച്ച്‌ കങ്കണ അപകീർത്തികരമായി പോസ്റ്റിട്ട കേസിലാണു വിടുതല്‍ ഹർജി തള്ളിയത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി നേരത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും തള്ളിയിരുന്നു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ സുപ്രിം കോടതി ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്. ”നിങ്ങളുടെ കമന്റിനെ കുറിച്ച്‌ എന്താണു പറയാനുള്ളത്? അത് വെറുമൊരു റി-ട്വീറ്റ് മാത്രമായിരുന്നില്ല. നിങ്ങളുടെ കമന്റും അതിനൊപ്പം ചേർത്തു. നിങ്ങള്‍ അതില്‍ മസാല ചേർക്കുകയാണു ചെയ്തത്” -ഹർജി തള്ളുകയാണെന്ന് വ്യക്തമാക്കി കോടതി പറഞ്ഞു.

കങ്കണ സംഭവത്തില്‍ വിശദീകരണം നല്‍കാമെന്ന് അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിശദീകരണം വിചാരണ കോടതിയില്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു ബെഞ്ചിന്റെ മറുപടി. പഞ്ചാബ് വരെ യാത്രചെയ്യാൻ സാധിക്കാത്ത സാഹചര്യമാണെന്ന് അറിയിച്ചപ്പോള്‍, നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവു വാങ്ങിക്കോളൂവെന്നാണു കോടതി പറഞ്ഞത്. കങ്കണയുടെ അഭിഭാഷകൻ വീണ്ടും വിശദീകരണത്തിന് ഒരുങ്ങിയെങ്കിലും കോടതി തടഞ്ഞു. ഇത് തുടർന്നാല്‍ തങ്ങള്‍ ഇനിയും എന്തെങ്കിലും പറഞ്ഞുപോകുമെന്നും അത് വിചാരണക്കോടതിയില്‍ നിങ്ങള്‍ക്കു തിരിച്ചടിയാകുമെന്നും സുപ്രീം കോടതി ഓർമിപ്പിച്ചു. തുടർന്ന് കങ്കണ ഹർജി പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group