
ദില്ലി: സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്കെതിരെ അപകീർത്തികരമായ വീഡിയോ പുറത്തിറക്കിയെന്ന കേസിൽ ക്രൈം നന്ദകുമാറിന് തിരിച്ചടി. കേസിൽ മൂൻകൂർ ജാമ്യം തേടി നന്ദകുമാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് തീരുമാനം. കേസിൽ നന്ദകുമാറിനെ നേരത്തെ കോടതി അറസ്റ്റിൽ നിന്ന് ഇടക്കാല പരിരക്ഷ നൽകിയിരുന്നു. ഇത് കോടതി എടുത്തുകളഞ്ഞു. മാത്രമല്ല അന്വേഷണ ഊദ്യോഗസ്ഥനുമായുള്ള ഫോൺ സംഭാഷണം നന്ദകുമാർ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചതിനെയും കോടതി വിമർശിച്ചു.
കേസിൽ കഴിഞ്ഞതവണത്തെ വാദത്തിനിടെ യൂട്യൂബ് ചാനലുകളുടെ വീഡിയോ അടിസ്ഥാനമാക്കി ശിക്ഷിക്കാനും കുറ്റവിമുക്തരാക്കാനും കോടതികള്‍ക്ക് കഴിയില്ലെന്ന് സുപ്രീം കോടതി വിമർശിച്ചിരുന്നു. മൂൻകൂർ ജാമ്യം നൽകരുതെന്ന വാദമാണ് സംസ്ഥാനം ഉയർത്തിയത്. അധിക്ഷേപകരമായ പരാമർശങ്ങൾ അടങ്ങിയ വീഡിയോയിൽ വ്യക്തമായ പങ്കുണ്ട് നന്ദകുമാറിനെന്നും അശ്ലീലപരാമർശങ്ങൾ നിറഞ്ഞതാണ് വീഡിയോയെന്നും സംസ്ഥാനം വ്യക്തമാക്കി. കേസിൽ സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകൻ രാഗേന്ത് ബസന്ത്, സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി. കേസിലെ പരാതിക്കാരിക്ക് വേണ്ടി അഭിഭാഷകരായ കെ.ആർ. സുഭാഷ് ചന്ദ്രൻ, കൃഷ്ണ.എൽ.ആർ, അനിരുദ്ധ് കെപി എന്നിവർ ഹാജരായി,നന്ദകുമാറിനായി അഭിഭാഷക അശ്വതി എംകെയാണ് ഹാജരായത്.