
കൊച്ചി: ലൈംഗികാരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് റാപ്പർ വേടൻ. അതിൽ യാതൊരു സംശയവും തനിക്കില്ലെന്നും വേടൻ പറഞ്ഞു. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് അദ്ദേഹത്തിന്റെ സഹോദരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം.
കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതലൊന്നും പറയുന്നില്ല. ഈ തിരക്കും കേസുമെല്ലാം കഴിഞ്ഞ് ബാക്കികാര്യങ്ങളെല്ലാം സംസാരിക്കാമെന്നും വേടൻ പറഞ്ഞു. ഗൂഢാലോചനയുണ്ടായി എന്നതിൽ തനിക്ക് യാതൊരുവിധ സംശയവുമില്ല. അക്കാര്യങ്ങളെല്ലാം പിന്നീട് പറയാമെന്നും വേടൻ വ്യക്തമാക്കി. ഗവേഷക വിദ്യാർഥി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരാകാനെത്തിയതായിരുന്നു വേടന്‍.
വേടനെതിരായ കേസുകളും കാര്യങ്ങളും കൊണ്ട് കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരാതിയിൽ പറഞ്ഞിരിക്കുന്നതെന്ന് റാപ്പർ വേടന്റെ സഹോദരൻ ഹരിദാസ് വ്യക്തമാക്കിയിരുന്നു. ആദ്യമായാണ് ഇത്തരം കാര്യങ്ങളിലൂടെ കടന്നുപോകുന്നത്. പരാതി കൊടുത്തതിനു ശേഷം പൊലീസ് ബന്ധപ്പെട്ടിട്ടില്ലെന്നും കുടുംബത്തെ തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് പരാതികൾ വരുന്നതെന്നും സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹ വാഗ്ദാനം നൽകി അഞ്ചുതവണ പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയിൽ വേടനെ തൃക്കാക്കര പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.
എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ കഴിഞ്ഞ ദിവസം വേടന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അതേസമയം ലൈംഗിക ആരോപണങ്ങൾക്കിടെ കഴിഞ്ഞ ദിവസം വേടൻ സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്നു. പത്തനംതിട്ട കോന്നിയിൽ നടന്ന സംഗീത പരിപാടിയിലാണ് വേടൻ പങ്കെടുത്തത്. താൻ എവിടെയും പോയിട്ടില്ലെന്നായിരുന്നു പരിപാടിക്കിടെ വേടൻ നടത്തിയ പ്രതികരണം.