ബാങ്കുകളുടെയും ഇൻഷുറൻസ് കമ്പനികളുടെയും പക്കൽ അവകാശികളില്ലാതെ കിടക്കുന്നത് 32455 കോടി ; ആർക്കും വേണ്ടാത്ത പണത്തിന്റെ വിവരങ്ങൾ മൂടിവച്ച് ബാങ്കുകൾ
സ്വന്തം ലേഖിക
റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരാണ് ഇപ്പോൾ ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ ബാങ്കുകളുൾപ്പെടെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പക്കൽ 2018 സെപറ്റംബർ 30 വരെ 32455.28 കോടി രൂപ അവകാശികളില്ലാതെ കെട്ടിക്കിടപ്പുണ്ട്. ഓരോ വർഷവും ഈ തുക വർദ്ധിക്കുകയാണെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.ഇതിൽ സർക്കാർ – സ്വകാര്യ ബാങ്കുകളിലായി 14578 കോടി രൂപയാണ് അവകാശികൾ ഇല്ലാതെ കിടക്കുന്നത്. ഏറ്റവും കൂടുതൽ എസ് ബി ഐ യിലാണ് 2156 കോടി രൂപ. മറ്റുള്ള ദേശസാൽകൃത ബാങ്കുകളുടെ പക്കൽ 9919 കോടി രൂപയും സ്വകാര്യ ബാങ്കുകളിൽ 1851 കോടിയും ഇന്ത്യയിലുള്ള വിദേശ ബാങ്കുകളിൽ 376 കോടിയും തദ്ദേശ ഗ്രാമീണ ബാങ്കുകളിലായി 271 കോടി യും ചെറുകിട ഫൈനാൻസ് സ്ഥാപനങ്ങളുടെ പക്കൽ 2.42 കോടി രൂപയുമാണുള്ളത്.2018 സെപറ്റംബർ 30 വരെ രാജ്യത്തെ വിവിധ ഇൻഷുറൻസ് കമ്പനികളുടെ പക്കൽ അവകാശികളില്ലാതെ കിടക്കുന്ന പണം 17877.28 കോടി രൂപയാണ്. ഇതിൽ എൽ ഐ സി യുടെ പക്കൽമാത്രം ഉള്ളത് 12892.02 കോടി രൂപയാണ്.