
ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ ഓണാഘോഷ പരിപാടികള്‍ അതിരുകടന്ന് മദ്യലഹരിയില്‍ ഒരുവിഭാഗം ജീവനക്കാര്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ വി.ജെ.
ബിനുവിനെ മര്‍ദിച്ച സംഭവത്തില്‍ കെഎസ്‌ആര്‍ടിസിയുടെ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നു. വിജിലന്‍സ് ഓഫീസറുടെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ. ഷാജി ഇന്നലെ ചങ്ങനാശേരി ഡിപ്പോയിലെത്തി അന്വേഷണം നടത്തി.
കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകാനാണ് സാധ്യതയെങ്കിലും വിഷയം രാഷ്‌ട്രീയവത്കരിക്കാനും യൂണിയനുകളുടെ ഭാഗത്ത് നീക്കം നടക്കുന്നുണ്ട്. ഓണാഘോഷ പരിപാടിയുടെ നിശ്ചയിക്കപ്പെട്ട സമയം കഴിഞ്ഞപ്പോള്‍ മൈക്ക് ഓഫ് ചെയ്ത് പരിപാടി അവസാനിപ്പിക്കണമെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ വി.ജെ. ബിനു നിര്‍ദേശിച്ചു.
രണ്ടു പാട്ടുകള്‍ പാടാന്‍ അവസരം നല്‍കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. അതുകഴിഞ്ഞപ്പോള്‍ പരിപാടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷന്‍ മാസ്റ്റര്‍ ബിനു മൈക്ക് ഓഫ് ചെയ്തു.
മദ്യലഹരിയിലായിരുന്ന ഒരുവിഭാഗം ജീവനക്കാര്‍ സ്റ്റേഷന്‍ മാസ്റ്ററെ കൈയേറ്റം ചെയ്യുകയും ചവിട്ടിവീഴ്ത്തുകയുമായിരുന്നു. സംഭവങ്ങളെല്ലാം ഡിപ്പോയിലെ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങള്‍ സിഎംഡിയുടെ കോട്ടയം വിജിലന്‍സ് വിഭാഗം പരിശോധിച്ച് ബോധ്യപ്പെടുകയും പ്രശ്‌നം സൃഷ്ടിച്ചവര്‍ക്കെതിരെ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചവിട്ടേറ്റ് നിലത്തുവീണ സ്റ്റേഷന്‍ മാസ്റ്റര്‍ വി.ജെ. ബിനുവിന്‍റെ മുഖത്തും നെറ്റിക്കും പരിക്കേറ്റ് ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കൊല്ലം സ്വദേശിയായ സ്റ്റേഷന്‍ മാസ്റ്റര്‍ പിന്നീട് ഡ്യൂട്ടിയില്‍ പ്രവേശിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ചങ്ങനാശേരി പോലീസും കേസ് എടുത്ത് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടിനായിരുന്നു ഓണാഘോഷം. രാവിലെ എട്ടിനാരംഭിച്ച ഓണാഘോഷപരിപാടികള്‍ വൈകുന്നേരം ആറുകഴിഞ്ഞും തുടര്‍ന്നു.
മൈക്ക് പ്രവര്‍ത്തനവും കലാപരിപാടികളും തുടര്‍ന്നപ്പോള്‍ എന്‍ക്വയറി ഫോണിന്‍റെയും ഓഫീസിന്‍റെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ മൈക്ക് നിര്‍ത്തണമെന്നാണ് സ്റ്റേഷന്‍മാസ്റ്റര്‍ ആവശ്യപ്പെട്ടത്.