എസ്.ബി.ടിയിൽ സേവനമാരംഭിച്ചവരുടെ 4-ാമത് സംഗമം കോട്ടയം ലൂർദ് അരീന ഓഡിറ്റോറിയത്തിൽ ശനിയാഴ്‌ച നടക്കും: ചലച്ചിത്ര സംവിധായകൻ ജയരാജ് സംഗമം ഉദ്ഘാടനം ചെയ്യും.

Spread the love

കോട്ടയം: 2017-ൽ എസ്.ബി.ഐ-യിൽ ലയിച്ച കേരളത്തിൻ്റെ സ്വന്തം ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൻ്റെ 80-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 13 ശനിയാഴ്‌ച, എസ്.ബി.ടിയിൽ സേവനമാരംഭിച്ചവരുടെ 4-ാമത് സംഗമം കോട്ടയം ലൂർദ് അരീന ഓഡിറ്റോറിയത്തിൽ നടക്കും.

എസ്.ബി.ടിയുടെ കോട്ടയം മേഖലയിൽ ഉൾപ്പെട്ടിരുന്ന കോട്ടയം, പത്തനംതിട്ട ജില്ലകളിൽ സേവനം ചെയ്തവരും എസ്.ബി.ഐയിൽ ഇപ്പോൾ സേവനം ചെയ്യുന്നവരുമാണ് സംഗമത്തിൽ പങ്കെടുക്കുക.

സംഗമം ശനിയാഴ്‌ച രാവിലെ 80 ദീപങ്ങളുടെ ശോഭയിൽ ജന്മദിന കേക്ക് മുറിച്ചു കൊണ്ടാണ് ആരംഭിക്കുന്നത്. ചലച്ചിത സംവിധായകൻ ജയരാജ് സംഗമം ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.ബി.ടി കുടുംബാംഗമായ ചലച്ചിത്ര സംവിധായകൻ റ്റി.കെ.രാജീവ്‌കുമാർ ചടങ്ങിൽ സന്നിഹിതനായിരിക്കും.

എസ്.ബി.ടി ശാഖകളിലെ സോഷ്യൽ സർക്കിളുകളിലൂടെ നടത്തിയ വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളെ സ്‌മരിച്ചു കൊണ്ട് ആതുരസേവന രംഗത്ത് അർഹരായവർക്ക് സഹായം നൽകുവാനുള്ള പലതുള്ളി പദ്ധതി എസ്.ബി.ടി കുടുംബാംഗം കൂടിയായ ഓർത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസന ബിഷപ്പ് സഖറിയ മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്യും.

പ്രഥമ പരിപാടിയായി അംഗങ്ങൾ നൽകുന്ന സംഭാവനകൾ ചേർത്ത്, നിർദ്ധനരായ രോഗികൾക്ക് പ്രതിമാസം ആവശ്യമുള്ള തുക സഹായമായി നൽകുന്നതാണ്.

60 വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയ്ക്ക് ആദ്യമായി പ്രസിഡന്റിന്റെ സ്വർണ മെഡൽ നേടിക്കൊടുത്ത ചെമ്മീൻ സിനിമയുടെ സ്‌മരണയും സംഗമ വേദിയിൽ നടക്കും. ചെമ്മീൻ സിനിമയിൽ പരീക്കുട്ടിയെ അവതരിപ്പിച്ച പ്രശസ്‌ത നടൻ മധു ആമുഖ സന്ദേശം നൽകും. തുടർന്ന് ചെമ്മീൻ സിനിമയിലെ അനശ്വര കഥാപാത്രങ്ങളെ അംഗങ്ങൾ വേദിയിൽ അവതരിപ്പിക്കും.

തുടർന്ന് വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായ അംഗങ്ങളെ ആദരിക്കലും അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.