മലപ്പുറത്ത് സിനിമാ സ്റ്റൈൽ ചേസിങ്; ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ നാട്ടുകാരൻ പിടികൂടി; ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ചികിത്സയിൽ

Spread the love

മലപ്പുറം: ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാരൻ പിന്തുടര്‍ന്ന് പിടികൂടി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചങ്ങരംകുളത്ത് തിയറ്റര്‍ ജീവനക്കാരനായ കക്കിടിപ്പുറം സ്വദേശി അശോകനാണ് (45) പരിക്കേറ്റത്.

കാറിനെ സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് നാട്ടുകാരൻ

സംസ്ഥാന പാതയില്‍ ചങ്ങരംകുളം സ്വകാര്യ ആശുപത്രിക്ക്‌ സമീപത്ത് തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് അപകടം നടന്നത്. ചങ്ങരംകുളം ടൗണിൽ നിന്ന് തൃശൂര്‍ റോഡിലേക്ക് അമിത വേഗത്തില്‍ വന്ന കാര്‍ അശോകന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. സംഭവം കണ്ടുനിന്ന യുവാവ് ഉടൻ തൻ്റെ കാറിൽ പിന്തുടർന്നു. അപകട സ്ഥലത്ത് നിന്ന് അര കിലോമീറ്റർ ദൂരെ വച്ച് അപകടം വരുത്തിയ കാര്‍ തടഞ്ഞിട്ടു. തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ ചങ്ങരംകുളം പൊലീസ് നാട്ടിക സ്വദേശിയായ യുവാവിനെയും കാറും കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചിരുന്ന യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.