
കാസർകോട്: മാതാവിന് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ ജയിലിലടച്ച് ആർഡിഒ. കാഞ്ഞിരപ്പൊയിയിലെ ഏലിയാമ്മ ജോസെഫിന്റെ പരാതിയിൽ മടിക്കൈ മലപ്പച്ചേരി വടുതലകുഴിയിലെ 46 -കാരനായ പ്രതീഷിനെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
മകൻ ചെലവിന് നൽകുന്നില്ലെന്ന പരാതിയുമായി ഏലിയാമ്മ കാഞ്ഞങ്ങാട് ആർഡിഒ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി വാറണ്ട് പ്രകാരമാണ് പ്രതീഷിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും നിയമപരിരക്ഷ മുൻനിർത്തി പ്രതിമാസം രണ്ടായിരം രൂപ ഏലിയാമ്മയ്ക്ക് നൽകണമെന്ന് ഒരു വർഷം മുൻപ് ആർഡിഒ കോടതി ഉത്തരവിട്ടിരുന്നു. ഈ തുക മകൻ നൽകുന്നില്ലെന്ന് കാണിച്ച് അഞ്ചുമാസം മുൻപ് ഏലിയാമ്മ ആർഡിഒ കോടതിയിലെ മെയിന്റനൻസ് ട്രിബ്യൂണലിൽ പരാതി നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്ത് ദിവസത്തിനകം കുടിശിക ഉൾപ്പെടെ നൽകണമെന്ന് ഉത്തരവിട്ട് ട്രിബ്യൂണൽ മടിക്കൈ വില്ലേജ് ഓഫീസർ മുഖേന നോട്ടീസുമയച്ചിരുന്നു. തുടർന്ന് രണ്ടുതവണ ഹാജരായപ്പോഴും തനിക്ക് പണം നൽകാൻ സാധിക്കില്ലെന്ന് പ്രതീഷ് പറഞ്ഞു. ജൂലൈ 31-നകം ഒരു ഗഡു നൽകിയില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് ട്രിബ്യൂണലും അറിയിച്ചു. വിചാരണ വേളയിലും പണം നൽകാനാവില്ലെന്ന് പ്രതീഷ് ആവർത്തിച്ചു.
ഇതോടെ ട്രിബ്യൂണൽ ഉത്തരവ് പ്രകാരമുളള തുക നൽകുന്നതുവരെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 5(8), ബിഎൻഎസ് 144 എന്നീ വകുപ്പുകൾ പ്രകാരം ജയിലിലടയ്ക്കാൻ ആർഡിഒ ബിനു ജോസഫ് ഉത്തരവിടുകയായിരുന്നു.