പദ്ധതി പാളി ;മദ്യകുപ്പി തിരികെ നൽകുന്നതിനും പണം കൈപ്പറ്റുന്നതിനും പ്രത്യേകം ക്യൂവില്ല; ഉപയോക്താക്കളും ബെവ്കോ ജീവനക്കാരും നട്ടം തിരിഞ്ഞു; പത്ത് മിനിറ്റ് ക്യൂവിൽ നിന്ന് മദ്യം വാങ്ങാൻ സാധിച്ചിരുന്നിടത്ത് ഇരുപത് മിനിറ്റ് നിൽക്കേണ്ട അവസ്ഥയെന്ന് മദ്യപർ

Spread the love

കണ്ണൂർ: സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് ഇരുപത് രൂപ അധിക വില ഈടാക്കിത്തുടങ്ങിയതോടെ ഉപയോക്താക്കളും ബെവ്കോ ജീവനക്കാരും നട്ടം തിരിയുന്നു. മദ്യത്തിന്റെ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ തിരികെയെടുക്കുന്ന ബവ്‌റിജസ് കോര്‍പറേഷന്റെ പരീക്ഷണത്തിന് ഇന്നു മുതല്‍ കണ്ണൂരും തിരുവനന്തപുരത്തുമാണ് തുടക്കമായിരിക്കുന്നത്.

20 ഷോപ്പുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ കൂടുതൽ തുക ഈടാക്കാൻ ആരംഭിച്ചത്. എന്നാൽ കുപ്പി സ്വീകരിക്കുന്നതിനും പണം തിരികെ നൽകുന്നതിനും യാതൊരു സൗകര്യവും ഒരുക്കാതെയാണ് പദ്ധതി ആരംഭിച്ചതെന്നാണ് ആരോപണം ഉയരുന്നത്.

കുപ്പി തിരികെ നൽകുന്നതിനും പണം കൈപ്പറ്റുന്നതിനും കണ്ണൂരിൽ പ്രത്യേകം ക്യൂവില്ല. കാലിക്കുപ്പിയുമായി വരുന്ന ആളും മദ്യം വാങ്ങാൻ നിൽക്കുന്നവരുടെ അതേ ക്യൂവിൽ നിൽക്കണം. മദ്യത്തിന്റെ ബിൽ അടിക്കുന്ന ജീവനക്കാരൻ തന്നെയാണ് കുപ്പിയുടെ പണവും തിരികെ നൽകേണ്ടത്. ഇത് ഇരട്ടി സമയം നഷ്ടപ്പെടുത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലാസ്റ്റിക് കുപ്പിയിൽ പ്രത്യേകം സ്റ്റിക്കർ പതിപ്പിക്കേണ്ടത് ബെവ്കോ ജീവനക്കാർ തന്നെയാണ്. മദ്യം എടുത്തു നൽകുന്ന ആൾക്ക് ഇത് അധിക ജോലിഭാരമുണ്ടാക്കുന്നു. സ്റ്റിക്കറുള്ള കുപ്പികൾ മാത്രമേ തിരിച്ചെടുക്കൂ. ഏത് ഔട്‌ലെറ്റിൽ നിന്നാണോ കുപ്പി വാങ്ങിയത് അതേ ഔട്‌ലെറ്റിൽ തന്നെ കുപ്പി തിരികെ നൽകണം. ഒരാൾ ഒരു കുപ്പി ചില്ലിന്റെയും മറ്റൊന്ന് പ്ലാസ്റ്റിക്കിന്റേയും വാങ്ങിയാൽ രണ്ട് ബില്ലുകളായി അടിക്കേണ്ടി വരും.

കാലിക്കുപ്പി ശേഖരണം തുടങ്ങിയതോടെ പത്ത് മിനിറ്റ് ക്യൂവിൽ നിന്ന് മദ്യം വാങ്ങാൻ സാധിച്ചിരുന്നിടത്ത് ഇപ്പോൾ ഇരുപത് മിനിറ്റ് നിൽക്കേണ്ട അവസ്ഥയാണ്. തിരക്കുള്ള സമയങ്ങളിൽ ക്യൂ മണിക്കൂറുകളോളം നീണ്ടേക്കും. ഇത് കൂടുതൽ സംഘർഷങ്ങൾക്ക് വഴിവയ്ക്കുമെന്ന് ജീവനക്കാർക്ക് ആശങ്കയുണ്ട്. എന്നാൽ ഭൂരിഭാഗം കുപ്പികളും തിരിച്ചെത്താൻ സാധ്യതയില്ലെന്ന കണക്കുകൂട്ടലിലാണ് കോർപറേഷൻ.

പയ്യന്നൂരിലെ ഔട്ട്‌ലെറ്റിൽ ഇന്ന് വൈകിട്ട് 4 മണിവരെ 1500 ഓളം കുപ്പികൾ വിറ്റതിൽ 50 ഓളം എണ്ണം മാത്രമാണ് തിരിച്ചെത്തിയത്. എന്നാൽ ഇന്ന് മദ്യം വാങ്ങിപ്പോയവർ നാളെ കുപ്പിയുമായി എത്തുമോ എന്ന് പരിശോധിച്ചശേഷമേ എത്രമാത്രം കുപ്പികൾ തിരിച്ചെത്തുമെന്ന് കണക്കാക്കാൻ സാധിക്കൂ. തിരിച്ചെത്തുന്ന കുപ്പികൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതും വലിയ പ്രശ്നമാണ്.

പല ഔട്ട്‌ലെറ്റുകളിലും സ്റ്റോക്ക് സൂക്ഷിക്കാൻ പോലും സ്ഥലമില്ലാത്തിടത്താണ് കാലിക്കുപ്പി കൂടി സൂക്ഷിക്കേണ്ടി വരുന്നത്. അതേ സമയം, കൺസ്യൂമർഫെഡിന്റെ ഔട്ട്‌ലെറ്റുകളിൽ പ്ലാസ്റ്റിക് കുപ്പികളുടെ വില വർധന നടപ്പാക്കിയിട്ടില്ല.

തിരുവനന്തപുരത്ത് ബെവ്‌കോയുടെ പത്ത് ഔട്ട്‌ലെറ്റുകളിലും മദ്യം വാങ്ങിയ പലരും പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചെത്തിച്ച് 20 രൂപ തിരികെ വാങ്ങി. ലോക്കല്‍ ഔട്ട്‌ലെറ്റുകളിലാണ് കൂടുതല്‍ പേരും കുപ്പികള്‍ തിരികെ എത്തിച്ചത്. പ്രീമിയം ഔട്ട്‌ലെറ്റുകളില്‍ കുപ്പിയുമായി തിരകെ എത്തുന്നവരുടെ എണ്ണം കുറവാണെന്ന് ജീവനക്കാര്‍ പറഞ്ഞു.

പവര്‍ഹൗസ് പ്രീമിയം ഔട്ട്‌ലെറ്റില്‍ വൈകിട്ട് 5 മണിക്കുള്ളില്‍ ഒരാള്‍ മാത്രമാണ് കുപ്പിയുമായി തിരികെ എത്തിയത്. ഉപയോക്താക്കള്‍ വലിയതോതില്‍ പരാതിപ്പെടുന്നുണ്ടെന്നു ജീവനക്കാര്‍ പറഞ്ഞു. തിരക്കുള്ള സമയത്ത് മദ്യക്കുപ്പികള്‍ എടുത്തുകൊടുക്കുന്നവര്‍ക്ക് ജോലിഭാരം കൂടുമെന്ന പരാതിയും ഉയരുന്നുണ്ട്.