പേരൂർക്കട വ്യാജ മോഷണക്കേസില്‍ അപമാനിതയായ ബിന്ദുവിന് പുതിയ ജോലി :തിരുവനന്തപുരം എംജിഎം പബ്ലിക്ക് സ്‌കൂളിലെ പ്യൂണ്‍ ആയിട്ടാണ് ജോലി: തിങ്കളാഴ്ച മുതല്‍ പുതിയ ജീവിതത്തിലേക്ക് ബിന്ദു.

Spread the love

തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണക്കേസില്‍ അപമാനിതയായ ബിന്ദുവിന് പുതിയ ജോലി നല്‍കും. തിരുവനന്തപുരം എംജിഎം പബ്ലിക്ക് സ്‌കൂളിലെ പ്യൂണ്‍ ആയിട്ടാണ് ജോലി.
സ്‌കൂള്‍ അധികൃതര്‍ ബിന്ദുവിനെ വീട്ടിലെത്തി കണ്ടു. ബിന്ദുവിനെ വേണ്ട എല്ലാ പിന്തുണയും നല്‍കാമെന്നും അധികൃതര്‍ വ്യക്തമാക്കി. സ്‌കൂള്‍ അധികൃതരുടെ ജോലി വാഗ്ദാനം ബിന്ദു സ്വീകരിച്ചു. തിങ്കളാഴ്ച മുതല്‍ പുതിയ ജീവിതത്തിലേക്ക് ബിന്ദു കടക്കുകയാണ്.

അതേ സമയം പേരൂര്‍ക്കടയിലേത് വ്യാജ മാലമോഷണക്കേസ് തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മറവി പ്രശ്‌നമുള്ള വീട്ടുടമസ്ഥ ഓമന ഡാനിയല്‍ മോഷണം പോയതായി ആരോപിക്കപ്പെട്ട മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെവച്ച്‌ മറക്കുകയായിരുന്നു. മാല പിന്നീട് ഓമന ഡാനിയല്‍ തന്നെ കണ്ടെത്തിയെന്നും റിപ്പോർട്ടില്‍ പറയുന്നു. ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു.

മാല വീടിന് പിന്നിലെ ചവറുകൂനയില്‍ നിന്ന് കണ്ടെത്തിയെന്ന പോലീസിന്റെ വാദം തെറ്റാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പേരൂർക്കട എസ്‌എച്ച്‌ഒ ശിവകുമാർ, ഓമന ഡാനിയല്‍ തുടങ്ങിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.
കഴിഞ്ഞ ഏപ്രില്‍ 23നാണ് വീട്ടില്‍നിന്ന് മാല മോഷണം പോയതായി കാട്ടി അമ്പലംമുക്ക് സ്വദേശി ഓമന ഡാനിയേല്‍ പേരൂർക്കട പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ വീട്ടിലെ ജോലിക്കാരിയായ ബിന്ദുവിനെ പോലീസ് അന്നുതന്നെ കസ്റ്റഡിയിലെടുക്കുകയും ഒരു രാത്രി മുഴുവൻ സ്‌റ്റേഷനിലിരുത്തി അവരെ ചോദ്യം ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിറ്റേദിവസം 12വരെ വീട്ടുകാരെപ്പോലും അറിയിക്കാൻ അനുവദിക്കാതെ ഇവരെ അനധികൃതമായി കസ്റ്റഡിയില്‍ വയ്ക്കുകയായിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്റെ ഉത്തരവിനെ തുടർന്ന് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുന്നത്.

അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ നടന്നത് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് വലിയ വീഴചയാണെന്ന് പുറത്തുവരുന്നത്. സാധാരണ കിടക്കയ്ക്ക് അടിയിലാണ് ഓമന മാല സൂക്ഷിക്കാറുള്ളത്. എന്നാല്‍ സംഭവദിവസം സോഫയുടെ അടിയിലാണ് ഓമന മാല വച്ചത്. തുടർന്ന് മാല കാണാനില്ലെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ അന്വേഷണത്തില്‍ സോഫയ്ക്ക് അടിയില്‍ നിന്ന് മാല കണ്ടെത്തുകയും ചെയ്തു.

എന്നാല്‍ ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത് ഒരുദിവസം മുഴുവൻ ചോദ്യം ചെയ്തത് ന്യായീകരിക്കാൻ ചവറുകൂനയില്‍ നിന്ന് മാല കണ്ടെത്തിയതായി പോലീസ് കള്ളക്കഥ മെനയുകയായിരുന്നു.
സംഭവത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുവന്നതോടെ പ്രതികരണവുമായി കുറ്റാരോപിതയായ ബിന്ദു തന്നെ പ്രതികരിച്ചിരുന്നു. റിപ്പോർട്ട് വന്നപ്പോള്‍ പ്രയാസം തോന്നിയിരുന്നു എന്നാണ് ബിന്ദു പറഞ്ഞത്. എന്നാല്‍ സത്യം പുറത്തുവന്നതില്‍ ഇപ്പോള്‍ സന്തോഷവും തോന്നുന്നുണ്ട്.

പൊലീസാണ് ഇത് ചെയ്യിപ്പിച്ചത്. ഓമന ഡാനിയേല്‍ മാലകിട്ടിയെന്ന് അറിയിച്ചിട്ടും പോലീസുകാരായ പ്രസന്നനും പ്രസാദും വീണ്ടും ആ കുറ്റം തൻ്റെ തലയില്‍ വെക്കുകയായിരുന്നുവെന്നും ബിന്ദു പറഞ്ഞു.

താൻ മോഷ്ടിച്ചിട്ടില്ലെന്ന് കാലുപിടിച്ച്‌ പറഞ്ഞിട്ടും മാല കൊടുത്തേ തീരുവെന്നാണ് പോലീസ് പറഞ്ഞത്. പ്രസന്നനാണ് തന്നെ കൂടുതല്‍ ദ്രോഹിച്ചത്. മാല കിട്ടിയെന്ന് ഓമന ഡാനിയേല്‍ വന്ന് പറഞ്ഞില്ലായിരുന്നുവെങ്കില്‍ താൻ ആ കേസില്‍ പ്രതിയാവുമായിരുന്നു. ഓമന പറയുന്നത് കേട്ട് പോലീസ് ആ കുറ്റം തൻ്റെ മേല്‍ അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഓമനയും മകളും പോലീസിൻ്റെയൊപ്പമാണ് നിന്നതെന്നും ബിന്ദു പറഞ്ഞു.