‘സിഐ ലാത്തി കൊണ്ട് അടിച്ചു, വെറുതെ എന്തിനാ സാറെ തല്ലുന്നതെന്ന് ചോദിച്ചപ്പോൾ വീണ്ടും തല്ലി’; നീതി തേടി കൊച്ചിയിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന്‍

Spread the love

കൊച്ചി : പൊലീസ് മര്‍ദ്ദനത്തില്‍ നീതി തേടി കൊച്ചിയിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന്‍. ജോലിക്കിടെ വിശ്രമിക്കുമ്പോഴാണ് കാക്കനാട് സ്വദേശി റെനീഷിനെ അന്നത്തെ ടൗൺ സിഐ പ്രതാപചന്ദ്രൻ അകാരണമായി ലാത്തി കൊണ്ട് അടിച്ചത്. 2 വർഷം മുൻപ് നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് റെനീഷ് പറയുന്നു.

രണ്ട് വര്‍ഷംമുന്‍പ് 2023 ഏപ്രില്‍ ഒന്നിന് ജോലിക്കിടെ എറണാകുളം നോര്‍ത്ത് പാലത്തിനടിയില്‍ വിശ്രമിക്കുകയായിരുന്ന കാക്കനാട് സ്വദേശി റെനീഷിനെയാണ് ഒരു കാരണവുമില്ലാതെ അന്നത്തെ ടൗണ്‍ സിഐ പ്രതാപചന്ദ്രന്‍ ലാത്തികൊണ്ട് അടിക്കുകയും മുഖത്ത് മര്‍ദ്ദിക്കുകയും ചെയ്തത്. ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞ റെനീഷ് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിനന്‍റ് അതോറിറ്റിക്കുമടക്കം പരാതി നല്‍കിയിട്ടും ഒരു നടപടിയുമെടുത്തിട്ടില്ല.

റെനീഷിന്റെ വാക്കുകൾ

”2023 ഏപ്രില്‍ ഒന്നിന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. വെള്ളം കുടിച്ച് കൊണ്ട് വിശ്രമിക്കുകയായിരുന്നു. ചൂരലുമായി മഫ്തി വേഷത്തിലായിരുന്നു പൊലീസുകാർ എത്തിയത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചു. ജോലിക്കിടെ വിശ്രമിക്കുകയാണെന്ന് പറഞ്ഞു. വീടെവിടെയെന്ന്ചോദിച്ചു. യൂണിഫോമിട്ട ഒരാൾ ആ സമയത്ത് വന്നു. അന്നത്തെ ടൗൺ സിഐ പ്രതാപചന്ദ്രനായിരുന്നു അത്. വീണ്ടും ചോദ്യം ചെയ്തു. ഇവിടെ ഇരിക്കാൻ പാടില്ലെന്ന് പറഞ്ഞു.

അതറിയില്ലായിരുന്നുവെന്ന് ഞാൻ മറുപടി നൽകി. അതോടെ പോക്കറ്റിലെന്താണെന്ന് ചോദിച്ചു. ഹെഡ് സെറ്റാണെന്ന് മറുപടി നൽകി. പുറത്തേക്ക് എടുക്കാൻ ആവശ്യപ്പെട്ടു. ഈ സമയത്ത്, ലാത്തി കൊണ്ട് അടിച്ചു. ലാത്തി പൊട്ടി. വെറുതെ എന്തിനാ സാറെ തല്ലുന്നതെന്ന് ചോദിച്ചപ്പോൾ വീണ്ടും തല്ലി. ഫേസ്ബുക്കിൽ കാണുന്ന പോലെ ആളുകളിക്കുകയാണോ എന്ന് ചോദിച്ച് മുഖത്ത് വീണ്ടും അടിച്ചു. കൈ ചുരുട്ടി ഇടിച്ചു.

മർദ്ദനം ചോദ്യം ചെയ്തപ്പോൾ, നിന്നെ ഞാൻ പൊലീസ് സ്റ്റേഷൻ കാണിക്കാമെടാ എന്നാക്രോശിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഈ സമയത്ത് മുഖത്തിന്റെ ഒരവശം മരവിച്ച നിലയിലായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയതിന് പിന്നാലെ ഞാൻ ശർദ്ദിച്ചു. 5 മണിയായതോടെ വിട്ടയച്ചു. എന്തിനാണ് ഇത്ര സമയം പിടിച്ച് വെച്ചതെന്ന ചോദ്യത്തിന് കരുതൽ തടങ്കലെന്നായിരുന്നു മറുപടി. അടിയേറ്റ് മുഖം വീങ്ങി മരവിച്ച സ്ഥിതിയായിരുന്നു. ഭക്ഷണം കഴിക്കാനാകാത്ത അവസ്ഥയിൽ 3 ദിവസം ആശുപത്രിയിൽ കിടന്നു. പരാതി നൽകിയിട്ടും കാര്യമൊന്നുമുണ്ടായില്ലെന്നും റെനീഷ് ചൂണ്ടിക്കാട്ടുന്നു.