പുതിയ ജി.എസ്.ടി പരിഷ്കാരം വരുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുറയും: വിറ്റുപോകാത്ത ഉത്പന്നങ്ങള്‍ക്ക് പുതുക്കിയ ജി.എസ്.ടി അനുസരിച്ചുള്ള വില രേഖപ്പെടുത്താന്‍ കമ്പനികള്‍ക്ക് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

Spread the love

കോട്ടയം: പുതിയ ജി.എസ്.ടി പരിഷ്കാരം വരുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുറയും.
ഇക്കുറി ജി.എസ്.ടിയിലെ ഇളവ് പൂര്‍ണമായും ഗുണഭോക്താക്കളി ലെത്തിക്കുമെന്ന് മിക്ക കമ്പനികളും പ്രഖ്യാപിച്ചിട്ടുണ്ട്.

ചില കമ്പനികള്‍ വില മാറ്റാതെ തൂക്കത്തില്‍ മാറ്റം വരുത്തി നേട്ടം ഉപയോക്താക്കളിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
സെപ്റ്റംബര്‍ 22നാണ് ജി.എസ്.ടി പരിഷ്‌ക്കാരം നിലവില്‍ വരുന്നത്.
നേരത്തെ ഉത്പാദിപ്പിച്ചതും കൂടിയ ജി.എസ്.ടി ചുമത്തിയതുമായ ഉത്പന്നങ്ങളുടെ വിലയില്‍ വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു.

ഇതു കണക്കിലെടുത്ത് വിറ്റുപോകാത്ത ഉത്പന്നങ്ങള്‍ക്ക് പുതുക്കിയ ജി.എസ്.ടി അനുസരിച്ചുള്ള വില രേഖപ്പെടുത്താന്‍ കമ്പനികള്‍ക്ക് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.
നിരക്ക് പരിഷ്‌ക്കരണത്തിന് മുമ്പ് നിര്‍മിച്ചതോ കയറ്റുമതി ചെയ്തതോ ആയ ഉത്പന്നങ്ങളില്‍ പുതുക്കിയ ജി.എസ്.ടി അനുസരിച്ചുള്ള എം.ആര്‍.പി (മാക്‌സിമം റീട്ടെയില്‍ പ്രൈസ്) രേഖപ്പെടുത്തേണ്ടിവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലുള്ള എം.ആര്‍.പി സ്റ്റിക്കര്‍ മറയ്ക്കാതെയാകണം പുതിയ നിരക്ക് രേഖപ്പെടുത്തേണ്ടത്. സ്റ്റാമ്പിംഗ്, ഓണ്‍ലൈന്‍ പ്രിന്റിംഗ് അല്ലെങ്കില്‍ സ്റ്റിക്കര്‍ ഉപയോഗിച്ചോ ഇത് ചെയ്യാവുന്നതാണ്.
വിലയിലെ മാറ്റം സംബന്ധിച്ച്‌ ഉത്പാദകരും പാക്കിംഗ് കമ്പനിക്കാരും കയറ്റുമതിക്കാരും ഒന്നിലധികം പത്രങ്ങളില്‍ രണ്ട് പരസ്യമെങ്കിലും ചെയ്തിരിക്കണം.
ഡീലര്‍മാര്‍ക്കും കേന്ദ്ര-സംസ്ഥാന ലീഗല്‍ മെട്രോളജി വകുപ്പുകള്‍ക്കും ഇതുസംബന്ധിച്ച നോട്ടീസ് നല്‍കണം.

നിലവിലെ സ്‌റ്റോക്ക് തീരുന്നത് വരെയോ ഡിസംബര്‍ 31വരെയോ ആണ് ഈ അവസരം ഉപയോഗിക്കാനാവുക. നിരക്ക് പരിഷ്‌ക്കാരത്തിന് മുമ്പ് തയ്യാറാക്കിയ പാക്കിംഗ് സാമഗ്രികള്‍ പുതുക്കിയ നിരക്കിന് അനുസരിച്ച്‌ മാറ്റം വരുത്തിയ ശേഷം ഉപയോഗിക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.
നിലവിലെ ജി.എസ്.ടി നിരക്ക് അനുസരിച്ചുള്ള വില രേഖപ്പെടുത്തിയ ഉത്പന്നങ്ങള്‍ സ്റ്റോക്ക് ഇരിക്കുന്നതിനാല്‍ പുതുക്കിയ നിരക്ക് നടപ്പിലാക്കുന്നത് വൈകിപ്പിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു.

കുറഞ്ഞ വില ഈടാക്കുന്ന ചില ഉത്പന്നങ്ങളുടെ വില കുറക്കുന്നതിന് പകരം ഭാരം വര്‍ധിപ്പിക്കാമോ എന്നും കമ്പനികള്‍ കേന്ദ്രത്തോട് ആരാഞ്ഞിരുന്നു.
സെപ്റ്റംബര്‍ 22ന് മുമ്പ് സ്റ്റോക്കിലുള്ള ഉത്പന്നങ്ങളുടെ വില സംബന്ധിച്ച്‌ വ്യക്തത വരുത്തണമെന്നും കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നിലവിലെ ജി.എസ്.ടി നിരക്ക് അനുസരിച്ച്‌ വില രേഖപ്പെടുത്തിയ ഉത്പന്നങ്ങളില്‍ വലിയൊരു ഭാഗം കടകളിലും വെയര്‍ ഹൗസുകളിലുമുണ്ട്.

ഇവ പിന്‍വലിക്കാനും പുതുക്കിയ വില രേഖപ്പെടുത്താനും കൂടുതല്‍ ചെലവ് വരുമെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വരാനിരിക്കുന്ന ഉത്സവകാലത്തോട് അനുബന്ധിച്ച്‌ ഉത്പാദനം വര്‍ധിപ്പിച്ചതും കൂടുതലായി സാധനങ്ങള്‍ സൂക്ഷിച്ചതും സ്ഥിതി രൂക്ഷമാക്കിയെന്നും ഇവര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
ഇതോടെയാണ് പുതുക്കിയ വില രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.