
ഏലപ്പാറ: ഏലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസിനു പുതിയ ടയറുകൾ വാങ്ങാൻ ജില്ലാ മെഡിക്കൽ ഓഫിസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കാണ് ഒച്ചിന്റെ വേഗം.ആംബുലൻസിന് പുതിയ ടയർ വാങ്ങാൻ ഒന്നരമാസം നീണ്ട കത്തിടപാടുകൾക്ക് ശേഷവും നടപടിയില്ല.
4 ടയറുകളും മോശമായതിനെത്തുടർന്ന് ആംബുലൻസ് ഇപ്പോൾ ആശുപത്രി പരിസരത്ത് കിടക്കുകയാണ്.
പുതിയ ടയർ വാങ്ങാൻ അനുമതി തേടി ഏലപ്പാറയിലെ മെഡിക്കൽ ഓഫിസർ, ജില്ലാ മെഡിക്കൽ ഓഫിസർക്ക് കത്ത് നൽകി. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫിസ് ഫോർമാൻ മെക്കാനിക്കിന്റെ റിപ്പോർട്ട് തേടി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടയർ വാങ്ങുന്നതിന് ക്വട്ടേഷൻ സ്വീകരിക്കാൻ ഏലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് അനുമതി നൽകാനാണ് ഇത്രയും നീണ്ട സമയം എടുത്തിരിക്കുന്നത്.
ഡീൻ കുര്യാക്കോസ് എംപിയുടെ ഇടപെടലുകളെ തുടർന്നാണ് ഗവ. ആശുപത്രിക്ക് ആംബുലൻസ് ലഭിച്ചത്. വിദഗ്ധ ചികിത്സയ്ക്കു കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളെയാണ് മേഖലയിലെ ജനങ്ങൾ ആശ്രയിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനാൽ തന്നെ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു ആംബുലൻസ്. കാലതാമസം വരുത്തിയിരിക്കുന്ന പ്രതിസന്ധി ഡീൻ കുര്യാക്കോസ് എംപി ഡിഎംഒയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും രണ്ടു ദിവസത്തിനകം ആംബുലൻസ് സർവീസ് പുനരാരംഭിക്കാമെന്ന് ഉറപ്പു ലഭിച്ചതായി ഏലപ്പാറ പഞ്ചായത്തംഗം ഉമർ ഫാറൂഖ് പറഞ്ഞു.