
ദുബായ്: ഏഷ്യാ കപ്പിന് മുന്നോടിയായി നടന്ന ഇന്ത്യൻ ടീമിന്റെ ഫീല്‍ഡിംഗ് ചലഞ്ചില്‍ പരാജയപ്പെട്ട് മലയാളി താരം സഞ്ജു സാംസണും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും. ഫീല്‍ഡിംഗ് കോച്ച് ടി ദിലീപിന്റെ നേതൃത്വത്തില്‍ നടന്ന ഫീല്‍ഡിംഗ് ചലഞ്ചിലാണ് സഞ്ജുവും ഗില്ലും സൂര്യകുമാര്‍ യാദവും ഉള്‍പ്പെടെയുള്ള ഇന്ത്യൻ താരങ്ങള്‍ പരാജയപ്പെട്ടത്. ദുബായിലെ ഐസിസി അക്കാദമിയില്‍ നടന്ന ഫീല്‍ഡിംഗ് ഡ്രില്ലില്‍ ഫീല്‍ഡ് ചെയ്തശേഷം ഗ്രൗണ്ടില്‍ വെച്ചിട്ടുള്ള ഒറ്റ വിക്കറ്റില്‍ പന്തെറിഞ്ഞു കൊള്ളിക്കുക എന്നതായിരുന്നു കളിക്കാര്‍ക്ക് ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ് നല്കിയ ചലഞ്ച്.
കളിക്കാരെ രണ്ട് ഗ്രൂപ്പായി തിരിച്ച് ഓരോ ഗ്രൂപ്പിനും 20 പന്തുകള്‍ വീതം ത്രോ ചെയ്യാനായി നല്കി. എറ്റവും കുറവ് പന്തുകളില്‍ വിക്കറ്റ് എറിഞ്ഞു വീഴ്ത്തുന്നവര്‍ക്ക് സമ്മാനമുണ്ടെന്നും ഫീല്‍ഡിംഗ് കോച്ച് പറഞ്ഞിരുന്നു. എന്നാല്‍ ത്രോ ചെയ്ത ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനോ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനോ സഞ്ജു സാംസണോ പന്ത് ഒരു തവണ പോലും വിക്കറ്റില്‍ കൊള്ളിക്കാനായില്ല. അതേസമയം, റിങ്കു സിംഗ്, വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവിനൊപ്പം മത്സരിക്കുന്ന ജിതേഷ് ശര്‍മയും ഹാര്‍ദ്ദിക് പാണ്ഡ്യയും വരുണ്‍ ചക്രവര്‍ത്തിയും പന്ത് നേരിട്ടെറിഞ്ഞ് വിക്കറ്റിൽ കൊള്ളിച്ചു. ഇവര്‍ക്കെല്ലാം കോച്ച് ടി ദിലീപ് ക്യാഷ് പ്രൈസ് നല്‍കുകയും ചെയ്തു.
View this post on Instagramതേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഷ്യാ കപ്പില്‍ നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ യുഎഇയെ ഇന്ത്യ നേരിടും. ഓപ്പണര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണെ പരിഗണിക്കുമോ എന്ന കാര്യത്തില്‍ ഇന്ന് നടത്തിയ ക്യാപ്റ്റൻമാരുടെ വാര്‍ത്താ സമ്മേളനത്തിലും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് വ്യക്തമായ മറുപടി നല്‍കിയില്ല. ഓപ്പണര്‍ സ്ഥാനത്തേക്ക് സഞ്ജുവിനെയാണോ ഗില്ലിനെയാണോ പരിഗണിക്കുക എന്ന ചോദ്യത്തിന് താങ്കള്‍ക്ക് ഞാന്‍ പ്ലേയിംഗ് ഇലവന് മെസേജ് ചെയ്ത് തരാമെന്നായിരുന്നു സൂര്യകുമാറിന്റെ തമാശകലര്‍ന്ന മറുപടി.
സഞ്ജുവിന്റെ കാര്യം വീണ്ടും ചോദിച്ചപ്പോള്‍ അവനെ ഞങ്ങള്‍ നന്നായി നോക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ടെന്നുമായിരുന്നു സൂര്യകുമാര്‍ മറുപടി നല്‍കിയത്. ശുഭ്മാന്‍ ഗില്‍ ഓപ്പണറായി ഇറങ്ങിയാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനിലെത്തുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് കരുതുന്നത്. ഗില്‍ ഓപ്പണറായാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ജിതേഷ് ശര്‍മയെ ആവും പരിഗണിക്കുക. ഇന്നലെ നടന്ന ഇന്ത്യൻ ടീമിന്റെ പരിശീലനത്തില്‍ സഞ്ജുവിന് കാര്യമായി ബാറ്റിംഗ് പരിശീലനത്തിന് അവസരം ലഭിച്ചിരുന്നില്ല.