video
play-sharp-fill

Wednesday, September 10, 2025

ജെൻ സി പ്രക്ഷോഭം രൂക്ഷം: നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു

Spread the love

കാഠ്മണ്ഡു: ജെൻസി പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ നേപ്പാൾ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു. യുവജന പ്രക്ഷോപത്തിന് പിന്നാലെയാണ് രാജി. മണിക്കൂറുകൾക്ക് മുൻപാണ് ഇദ്ദേഹത്തിന്റെ ഔദ്യോ​ഗിക വസതി പ്രക്ഷോഭകർ കൈയേറി കത്തിച്ചത്. കെപി ശര്‍മ ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് നീക്കം. ശർമ ഒലിയുടെ രാജി ഇന്നലെ മുതൽ പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു. 19 പ്രക്ഷോഭകരെ നേർക്കുനേർ വെടിവെച്ചുകൊന്നതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. ഇദ്ദേഹത്തിന്റെ മന്ത്രിസഭയിലെ നിരവധി മന്ത്രിമാർക്കെതിരെ കടുത്ത അഴിമതി ആരോപണൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സർക്കാരിന് തുടരാൻ ധാർമികമായ യാതൊരു അവകാശവുമില്ലെന്നും പ്രധാനമന്ത്രി രാജിവെക്കണമെന്നുമായിരുന്നു പ്രക്ഷോപകർ ആവശ്യപ്പെട്ടിരുന്നത്.

കാഠ്മണ്ഡു വിമാനത്താവളം അടക്കുകയും നിയന്ത്രണം സൈന്യം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. മുൻ പ്രധാനമന്ത്രി പ്രചണ്ഡയുടെ അടക്കം നിരവധി ഉന്നതരുടെ വീടുകൾ പ്രക്ഷോഭകർ കത്തിച്ചു. ഇന്നലെ തുടങ്ങിയ സംഘർഷത്തിൽ 19 പേരാണ് മരിച്ചത്. ഇന്നലെ രാത്രിയോടെ നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചിരുന്നു. തലസ്ഥാന നഗരമായ കഠ്മണ്ടുവിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു.

അതേസമയം, കേരളത്തിൽനിന്നും നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിന് പോയ മലയാളികൾ പ്രക്ഷോഭത്തെ തുടര്‍ന്ന് യാത്രമധ്യേ കുടങ്ങിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, കൊടിയത്തൂര്‍ എന്നിവിടങ്ങളിൽ നിന്ന് നേപ്പാളിലേക്ക് പോയ 40ഓളം വിനോദ സഞ്ചാരികളാണ് വഴിയിൽ കുടുങ്ങിയത്. കാഠ്മണ്ഡു‍വിന് സമീപമാണ് ഇവര്‍ നിലവിലുള്ളത്. റോഡിൽ ടയര്‍ ഇട്ട് കത്തിച്ചുള്ള പ്രക്ഷോഭം തുടരുന്നതിനാൽ ഇവര്‍ക്ക് മുന്നോട്ട് പോകാനായിട്ടില്ല. ഞായാറാഴ്ചയാണ് മലയാളി സംഘം നേപ്പാളിലേക്ക് പോയത്.