
ആലപ്പുഴ: വായ്പ എടുക്കാൻ ഈട് നൽകിയ ആധാരം സ്വന്തം ചിട്ടിക്ക് ഈട് വച്ച് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കെഎസ്എഫ്ഇ ജീവനക്കാരൻ കീഴടങ്ങി. കെഎസ്എഫ്ഇ ആലപ്പുഴ റീജനൽ ഓഫിസിലെ സ്പെഷൽ ഗ്രേഡ് അസിസ്റ്റന്റ് മണ്ണഞ്ചേരി കൂരുവേലിച്ചിറയിൽ എസ് രാജീവനാണ് നൂറ് ദിവസത്തിലേറെ ഒളിവിൽ കഴിഞ്ഞ ശേഷം കീഴടങ്ങിയത്. ഇയാളെ അറസ്റ്റ് ചെയ്‌ത ശേഷം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഹൈക്കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്. പ്രതിയുടെ അറസ്റ്റ് ആലപ്പുഴ സൗത്ത് പൊലീസ് രേഖപ്പെടുത്തി. രാജീവൻ്റെ അയൽവാസിയായ കൂരുവേലിച്ചിറയിൽ ആപ്പൂര് വീട്ടിൽ എൻ സുമ കെഎസ്എഫ്ഇയിൽ നിന്ന് 12 ലക്ഷത്തിന്റെ ചിട്ടി പിടിച്ചിരുന്നു. ഇതിൽ നിന്നു വീട് നിർമാണത്തിന് 6 ലക്ഷം രൂപ എടുക്കാൻ അപേക്ഷ നൽകി. സുമയുടെ 12 സെന്റ് സ്ഥലത്തിന്റെ ആധാരം കെഎസ്എഫ്ഇ ഓഫീസിൽ ഈടായി നൽകിയെങ്കിലും സ്ഥലത്തേക്ക് വഴി ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇത് പോരെന്നു രാജീവൻ പറഞ്ഞു. തുടർന്നു സുമയുടെ ഭർത്താവിന്റെ പേരിലുള്ള 8 സെന്റ് സ്ഥലത്തിന്റെ പ്രമാണം രാജീവനെ ഏൽപിച്ചു.
നാല് മാസം കഴിഞ്ഞപ്പോൾ അധികൃതർ ജപ്തി നടപടിക്ക് വന്നപ്പോഴാണ് തങ്ങൾ ആദ്യം നൽകിയ രേഖ രാജീവ് സ്വന്തം ചിട്ടിക്ക് ഈടായി നൽകിയതായി കണ്ടെത്തിയത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതായും സുമയും കൂടുംബവും മനസ്സിലാക്കി. ഇതോടെ പൊലീസിൽ പരാതി നൽകി. ഇതിനിടെ വ്യാജരേഖ ചമച്ച് കെഎസ്എഫ്ഇ കലവൂർ ശാഖയിൽ നിന്നു 10 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ബന്ധുവിന്റെ പരാതിയിൽ മണ്ണഞ്ചേരി പൊലീസ് മറ്റൊരു കേസും രാജീവിനെതിരെ രജിസ്റ്റർ ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പക്ഷേ അറസ്റ്റ് വൈകി. ഇതോടെ വീണ്ടും സുമ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. തുടർന്ന് ജോലിയിൽ നിന്ന് രാജീവനെ സസ്പെൻഡ് ചെയ്‌തു. കെഎസ്എഫ്ഇ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗത്വത്തിൽ നിന്നു നീക്കി. പ്രതി മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ കീഴടങ്ങുകയായിരുന്നു. ഇയാൾക്കെതിരെ കെഎസ്എഫ്ഇ വിജിലൻസ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.