
അമ്പലപ്പുഴ : ആലപ്പുഴയിൽ വാഹനങ്ങളുടെ കൂട്ടയിടി. ഒന്നിന് പുറകെ ഒന്നായി വാഹനങ്ങൾ കൂട്ടിയിടിച്ചു.അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
സ്വകാര്യ ബസിന് പിന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇൻസുലേറ്റഡ് ലോറിയിടിച്ചതിനെ തുടർന്ന് പിന്നാലെ വന്ന വാഹനങ്ങൾ അപകത്തിൽപെടുകയായിരുന്നു.
നീർക്കുന്നം ചന്തക്കവലയിലെ ഓട്ടൊ ഡ്രൈവർ രാധാകൃഷ്ണൻ, മറ്റ് വാഹനങ്ങളിൽ ഉണ്ടായിരുന്ന അനീഷ്, വിഷ്ണു, രാംഘോഷ്, ശ്യാംലാൽ എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും നിലഗുരുതരമല്ല. ദേശീയപാതയിൽ വണ്ടാനം മെഡിക്കൽ കോളജിന് മുമ്പിൽ സർവീസ് റോഡിൽ തിങ്കളാഴ്ച് പകൽ ഒന്നരയോടെയായിരുന്നു.
ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് യാത്രക്കാർക്കായി സ്റ്റോപ്പിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.ബസിനെ മറികടക്കാനാകാതെ പിന്നാലെ വന്ന ഓട്ടോറിക്ഷയും നിർത്തിയിട്ടു. തുടർന്നാണ് ഇതേ ദിശയിൽ വന്ന ഇൻസുലേറ്റഡ് വാഹനം ഓട്ടോയിൽ ഇടിച്ചത്. പിന്നീട് തൊട്ട് പുറകെവരുകയായിരുന്ന ട്രാവലർ, മിനിലോറി, കാർ എന്നിവ അപകടത്തിൽപ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിൽ നിന്നും തെറിച്ച് റോഡിൽ വീണാണ് രാധാകൃഷ്ണന് പരിക്കേറ്റത്.
ഓട്ടോയിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. മറ്റ് വാഹനങ്ങളുടെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു.