പോലീസ് സ്റ്റേഷനിലെ മർദ്ദനവും കള്ളക്കേസ് ചമയ്ക്കലും ; പോലീസുകാരുടെ പണിയും പോകും പണവും പോകും ; നടപടിയിലേക്ക് നീങ്ങി സർക്കാർ

Spread the love

തൃശൂര്‍: പൊലീസ് സ്റ്റേഷനിലെ മര്‍ദനവും കള്ളക്കേസ് ചമയ്ക്കലും ഗുരുതര ഭവിഷ്യത്തുള്ള കുറ്റമാക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലി നഷ്ടപ്പെടുക മാത്രമല്ല ഭീമമായ നഷ്ടപരിഹാരം സ്വന്തം കൈയില്‍ നിന്ന് നല്‍കേണ്ടതായും വരും.

അത്തരം നടപടിയിലേക്കാണ് ആഭ്യന്തര വകുപ്പും സര്‍ക്കാരും നീങ്ങുന്നത്. പൊലീസുകാരുടെ വീഴ്ച മൂലമുണ്ടാകുന്ന നഷ്ടപരിഹാരം ഇതേവരെ സര്‍ക്കാരായിരുന്നു നല്‍കിയിരുന്നത്. അത്തരത്തിലുള്ള വിധിയാണ് കോടതിയില്‍ നിന്ന് വന്നുകൊണ്ടിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് പങ്കാളികളാകുന്ന തെറ്റുകളില്‍ പരമാവധി ശിക്ഷയായ പിരിച്ചുവിടലിലേക്ക് ആഭ്യന്തര വകുപ്പ് നീങ്ങിത്തുടങ്ങി. അതോടൊപ്പം സര്‍ക്കാര്‍ നല്‍കേണ്ട നഷ്ടപരിഹാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കാനുള്ള നടപടിയും ആരംഭിച്ചു.

കേരള പൊലീസ് സേനയില്‍ നിന്ന് 2016 ജൂണ്‍ മുതല്‍ ഇതേവരെ 108 പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഭരണഘടനയുടെ 331-ാം അനുച്ഛേദ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പിരിച്ചുവിടല്‍. ഇന്‍സ്പെക്ടര്‍ വരെയുള്ളവരെ പൊലീസ് മേധാവിക്ക് പിരിച്ചുവിടാനാകും. അതിനുമുകളിലുള്ളവരെ പിരിച്ചുവിട്ട് ഉത്തരവിറക്കുന്നത് ആഭ്യന്തര വകുപ്പാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ തെറ്റായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാര്‍ സ്വീകരിച്ച പുതിയ നിലപാടാണ് കുറ്റക്കാരായ പൊലീസുകാര്‍ക്ക് സ്വത്തും പണവും നഷ്ടമാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. 1994 ല്‍ ഗുരുവായൂര്‍ പൊലീസ് ചുമത്തിയ കള്ളക്കേസില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് ബന്ധപ്പെട്ട പൊലീസുകാരാണെന്ന് കാണിച്ച് സര്‍ക്കാര്‍ ഈയിടെ ഉത്തരവിറക്കിയിരുന്നു.

നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുകയെന്ന വ്യവസ്ഥാപിത നടപടിയില്‍ നിന്ന് മാറിയുള്ള ഉത്തരവ് സേനാംഗങ്ങളെ കൂടുതല്‍ ജാഗ്രതയുള്ളവരാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. സേനയില്‍ നിന്ന് പരിഞ്ഞാലും ജോലി നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം നല്‍കലെന്ന ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിവാകാനാകില്ലെന്ന സൂചനയും തൊഴിയൂര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കള്ളക്കേസെടുത്ത ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തുടരുന്നുണ്ടെങ്കില്‍ നഷ്ടപരിഹാരത്തുക ശമ്പളത്തില്‍ നിന്ന് പിടിക്കാനും അല്ലാത്ത പക്ഷം വിരമിച്ച ആനുകൂല്യങ്ങളില്‍ നിന്ന് ഈടാക്കി നല്‍കാനുമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

കള്ളക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികള്‍ നടത്തിയ നിയമപോരാട്ടത്തില്‍ 31 വര്‍ഷത്തിന് ശേഷമാണ് നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവും പൊലീസുകാരില്‍ നിന്ന് ഇത് ഈടാക്കി നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശവും വന്നതെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.