ആചാരപ്പെരുമയില്‍ ആഘോഷം: ഉതൃട്ടാതി ജലമേളയ്ക്കൊരുങ്ങി ആറന്മുള; ഇന്ന് ഉച്ചയ്ക്ക് ശേഷം തുടങ്ങുന്ന മത്സരത്തിൽ 52 പളളിയോടങ്ങൾ അണിചേരും

Spread the love

പത്തനംതിട്ട: ചരിത്രപ്രസിദ്ധവും ഭക്തിനിർഭരവുമായ ഉത്തൃട്ടാതി ജലമേള ഇന്ന്. ജലമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു രാവിലെ 9ന് പാര്‍ഥസാരഥി ക്ഷേത്ര ശ്രീകോവിലില്‍നിന്നും കൊളുത്തിയ ഭദ്രദീപം ഘോഷയാത്രയായി സത്രം പവലിയനിലേക്ക്‌ എത്തിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു. ജില്ലാ കലക്‌ടര്‍ പ്രേം കൃഷ്‌ണന്‍ പതാക ഉയർത്തി.

ഉച്ചയ്‌ക്ക്‌ ഒന്നിന്‌ പള്ളിയോടങ്ങള്‍ ക്ഷേത്രക്കടവില്‍ എത്തി ചന്ദനവും പൂമാലയും സ്വീകരിച്ച്‌ ഫിനിഷിങ്‌ പോയിന്റില്‍ അണിനിരക്കും. വിശിഷ്‌ടാതിഥികളെ 1.10 ന്‌ പവലിയനിലേക്ക്‌ സ്വീകരിക്കും.
1.15 ന്‌ പൊതുസമ്മേളനം റവന്യൂമന്ത്രി കെ. രാജന്‍ ഉദ്‌ഘാടനം ചെയ്യും. പള്ളിയോട സേവാ സംഘം പ്രസിഡന്റ്‌ കെ.വി. സാംബദേവന്‍ അധ്യക്ഷത വഹിക്കും. പള്ളിയോടങ്ങളുടെ ജലഘോഷയാത്ര 1.30-ന്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്യും. മുഖ്യപ്രഭാഷണവും വഞ്ചിപ്പാട്ട്‌ കലാകാരന്മാരെ ആദരിക്കലും സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. വൈകിട്ട്‌ മൂന്നിന്‌ മത്സര വള്ളംകളി മന്ത്രി റോഷി അഗസ്‌റ്റിന്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. പാഞ്ചജന്യം 2025 സ്‌മരണിക നടന്‍ ജയസൂര്യ പ്രകാശനം ചെയ്യും. സ്വാമി പ്രജ്‌ഞാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തും. പ്രമോദ്‌ നാരായണ്‍ എം.എല്‍.എ സമ്മാനദാനം നിര്‍വഹിക്കും.

ജലമേളയില്‍ 52 പള്ളിയോടങ്ങളാണ്‌ പങ്കെടുക്കുന്നത്‌. എ ബാച്ചിലെ 35 ഉം ബി ബാച്ചിലെ 17 ഉം പള്ളിയോടങ്ങള്‍ ജലമേളയില്‍ പങ്കെടുക്കും. ബി ഗ്രൂപ്പിലെ ഒന്നും രണ്ടും ബാച്ചുകള്‍ ക്ഷേത്രക്കടവില്‍നിന്നു താഴേക്ക്‌ ഘോഷയാത്രയായി വന്ന്‌ മറ്റുള്ള പള്ളിയോടങ്ങള്‍ക്കൊപ്പം സ്‌റ്റാര്‍ട്ടിങ്‌ പോയിന്റിലേക്ക്‌ നീങ്ങും. ജലഘോഷയാത്രയ്‌ക്ക്‌ ശേഷം കോസ്‌റ്റ്‌ ഗാര്‍ഡിന്റെ ഹെലികോപ്‌റ്റര്‍ പ്രകടനവും ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കുറി ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ചാണ്‌ സ്‌റ്റാര്‍ട്ടിങും ഫിനിഷിങും ക്രമീകരിച്ചിരിക്കുന്നത്‌. ഓരോ പള്ളിയോടവും സ്‌റ്റാര്‍ട്ടിങ്‌ പോയിന്റ്‌ മുതല്‍ ഫിനിഷിങ്‌ പോയിന്റ്‌ വരെ എത്താനുള്ള കൃത്യസമയം തിട്ടപ്പെടുത്തുകയും എ ബാച്ചിലും ബി ബാച്ചിലും ഏറ്റവും കുറഞ്ഞ സമയത്തില്‍ ഫിനിഷ്‌ ചെയ്യുന്ന നാലു പള്ളിയോടങ്ങളെ ഫൈനലിലും പിന്നീട്‌ വരുന്ന നാലു പള്ളിയോടങ്ങളെ ലൂസേഴ്‌സ്‌ ഫൈനലിലും പങ്കെടുപ്പിച്ച്‌ വിജയികളെ തീരുമാനിക്കും. പുറത്തുനിന്നുള്ള തുഴച്ചില്‍ക്കാര്‍ പള്ളിയോടത്തില്‍ കയറുന്നുണ്ടോ എന്ന്‌ പ്രത്യേകം നിരീക്ഷിക്കുകയും അങ്ങനെയുള്ള പള്ളിയോടങ്ങളെ അയോഗ്യരാക്കുകയും ചെയ്യും.

ഒന്നാം സ്‌ഥാനത്തിന്‌ അര്‍ഹരായ പള്ളിയോടങ്ങള്‍ക്ക്‌ മന്നം ട്രോഫി നല്‍കും. ദേവസ്വം ബോര്‍ഡ്‌, ജില്ലാ പഞ്ചായത്ത്‌, വ്യക്‌തികള്‍, മാധ്യമങ്ങള്‍ തുടങ്ങിയവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും വിജയികള്‍ക്ക്‌ നല്‍കും. ഏറ്റവും നല്ല രീതിയില്‍ പാടിക്കളിച്ച്‌ തുഴയുന്ന പള്ളിയോടത്തിന്‌ ആര്‍. ശങ്കര്‍ മെമ്മോറിയല്‍ സുവര്‍ണ ട്രോഫി നല്‍കും. നല്ല ചമയത്തിന്‌ നല്‍കുന്നതിനായി ചാക്കമാര്‍ സഭയുടെ വക ട്രോഫിയും ഇക്കുറി ഉണ്ടായിരിക്കുമെന്ന്‌ പള്ളിയോട സേവാസംഘം പ്രസിഡന്റ്‌ കെ.വി. സാംബദേവന്‍, സെക്രട്ടറി പ്രസാദ്‌ ആനന്ദഭവന്‍, ഭാരവാഹികളായ കെ.എ. സുരേഷ്‌, രമേശ്‌ മാലിമേല്‍, അജയ്‌ ഗോപിനാഥ്‌ എന്നിവര്‍ അറിയിച്ചു.