
കൊല്ലം: കുണ്ടറയിലെ സൈനികൻ്റെ മരണം കസ്റ്റഡി മർദ്ദനമെന്ന പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ തേടി തോംസൺ തങ്കച്ചൻ്റെ അമ്മ ഡെയ്സി. കുണ്ടറ പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ ലഭിക്കാൻ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകി. 2024 ഡിസംബർ 27നാണ് 32 കാരനായ തോംസൺ മരിച്ചത്. കുണ്ടറ പൊലീസിൻ്റെ ക്രൂര മർദ്ദനമാണ് മകൻ്റെ മരണത്തിന് കാരണമെന്നാണ് അമ്മയുടെ പരാതി.
താൻ കടയിൽ പോയി വരുമ്പോഴാണ് ഓട്ടോറിക്ഷയിൽ മകനെ കൊണ്ടുവിടുന്നതെന്ന് അമ്മ ഡെയ്സി പറഞ്ഞു. രാത്രി 11.20നാണ് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് മകനെ പിടിച്ചുകൊണ്ടുപോവുന്നത്. താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ എടുത്തതിൽ കയ്യിലും തലയിലുള്ള മുറിവും മുഖത്തെ നീരും രേഖപ്പെടുത്തിയിരുന്നു. എന്തുകൊണ്ട് ഇത്രയും മുറിവുകളുള്ള വ്യക്തിയ്ക്ക് പൊലീസുകാർ ചികിത്സ നൽകിയില്ല. പൊലീസ് സ്റ്റേഷനിൽ കെട്ടി നിർത്തി കാൽ പാദത്തിൽ പൊലീസുകാർ മർദിച്ചു. പ്രദീപ് എസ്ഐ തോക്ക് കൊണ്ട് പിറകിൽ ഇടിച്ചുവെന്നും ലാത്തികൊണ്ട് തലയ്ക്ക് അടിച്ചുവെന്നും അമ്മ ഡെയ്സി പറയുന്നു.
റിമാൻഡിലായ മകനെ അവശനിലയിൽ പല തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനെ പൊലീസ് പിടിച്ചു കൊണ്ടു പോയതും ജയിലിൽ പ്രവേശിപ്പിച്ചതും പോലും അറിഞ്ഞിരുന്നില്ല. ജയിലിൽ നിന്ന് മടങ്ങി എത്തിയ ശേഷമാണ് മർദ്ദന വിവരം മകൻ പറയുന്നത്. വീട്ടിൽ ചികിത്സയിലിരിക്കെയാണ് മകൻ മരിച്ചത്. കുറ്റക്കാരായ പൊലീസുകാരെ ശിക്ഷിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും അമ്മ ഡെയ്സി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group