പുഞ്ചിരിക്കുന്ന സൗമ്യമായ ആ മുഖം ഓർമ്മയിലേക്ക്‌; പ്രിൻസ്‌ ലൂക്കോസിന്റെ വേർപാടിൽ വിറങ്ങലിച്ച് നാട്

Spread the love

കോട്ടയം : നിറപുഞ്ചിരിയുമായി ചുറുചുറുക്കോടെ ഒ‍ാടി നടന്ന് ഏവരുടെയും പ്രിയപ്പെട്ടവനായി മാറിയ കേരള കോൺഗ്രസ്‌ നേതാവ്‌ പ്രിൻസ്‌ ലൂക്കോസ് ഇനി തങ്ങൾക്കൊപ്പം ഇല്ലായെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ രാഷ്‌ട്രീയ പ്രവർത്തകരും അദ്ദേഹത്തെ അടുത്തറിയുന്നവരും.

video
play-sharp-fill

പ്രിൻസ്‌ ഇനി ഒപ്പമില്ലെന്ന്‌ പലർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുംവഴി തിങ്കളാഴ്‌ച പുലർച്ചെ ട്രെയിനിൽവെച്ച്‌ ഹൃദയാഘാതമുണ്ടായാണ്‌ മരണം.

കേരള കോൺഗ്രസിന്റെ സ്‌ഥാപക നേതാവ് ഒ.വി. ലൂക്കോസിന്റെ മകൻ രാഷ്‌ട്രീയത്തിലേക്ക്‌ ചുവടുവെച്ചത്‌ സ്വാഭാവികമായിരുന്നു. കേരള കോൺഗ്രസ്‌ എമ്മിൽ വിദ്യാർഥി നേതാവായി തുടക്കം. കെഎസ്‌സി സംസ്‌ഥാന പ്രസിഡന്റായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട്‌ കെ.എം. മാണിയുടെ വിശ്വസ്‌തനായി വളർച്ച. യൂത്ത്‌ ഫ്രണ്ട്‌-എം സംസ്‌ഥാന പ്രസിഡന്റായിരുന്ന കാലത്ത്‌ പ്രിൻസിന്റെ നേതൃത്വം സംഘടനയെ ചലിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു.

കേരള കോൺഗ്രസ്‌ എം, എൽഡിഎഫിലേക്ക്‌ വഴിമാറിയപ്പോൾ പി.ജെ. ജോസഫിനൊപ്പം കേരള കോൺഗ്രസിൽ നിൽക്കാനായിരുന്നു പ്രിൻസിന്റെ തീരുമാനം. ഏറ്റുമാനൂരിൽ യുഡിഎഫ്‌ സ്‌ഥാനാർഥിയായി മത്സരിക്കാൻ അവസരം നൽകിയത്‌ പ്രിൻസിനുള്ള അംഗീകാരമായിരുന്നു.

പാർട്ടി ഏറ്റെടുത്ത പല സമരങ്ങളും മുൻനിരയിൽനിന്ന്‌ നയിച്ചു. കെ റെയിലിനെതിരേ ജൻമനാടായ പാറമ്പുഴയിൽ മഞ്ഞക്കുറ്റി പിഴുതുമാറ്റി നടത്തിയ പ്രതിഷേധത്തിൽ സജീവസാന്നിധ്യമായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടഭാഗം തകർന്ന്‌ വീട്ടമ്മ മരിച്ചപ്പോൾ നടന്ന സമരത്തിലും മുൻനിരക്കാരനായി. അടിച്ചിറ-പരിത്രാണ റോഡിൽ റോഡ്‌ തകർന്നുണ്ടായ വലിയ കുഴി അടയ്‌ക്കാത്തതിൽ പ്രതിഷേധിച്ച്‌ കുഴിയിൽ മീനിട്ട്‌ വലവീശിപ്പിടിച്ചായിരുന്നു സമരം. തുടർന്നാണ്‌ കുഴി അടച്ചത്.

‘‘എല്ലാവരേയും ചേർത്തുനിർത്തുന്നയാളായിരുന്നു പ്രിൻസ്‌. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ പാർട്ടി പരിപാടികളിൽ കൂടെനിന്ന്‌ എല്ലാം ചെയ്യുമായിരുന്നു. ആരോടും എതിർത്ത്‌ സംസാരിക്കുന്നത്‌ കണ്ടിട്ടില്ല’’-കേരള കോൺഗ്രസ്‌ ഉന്നതാധികാരസമിതിയംഗം ബിനു ചെങ്ങളം സഹപ്രവർത്തകനെ ഓർക്കുന്നു.

വിയോഗത്തിൽ ഞെട്ടലോടെ ജോസ്‌ കെ. മാണി

വേളാങ്കണ്ണിയിൽവെച്ച്‌ കേരളകോൺഗ്രസ്‌ (എം) ചെയർമാൻ ജോസ്‌ കെ. മാണി പ്രിൻസിനെയും കുടുംബത്തെയും കണ്ടിരുന്നു. ഒരേ ഹോട്ടലിലായിരുന്നു താമസം. ഇരുവരും പത്തുമിനിറ്റോളം സംസാരിച്ചാണ്‌ പിരിഞ്ഞത്. തിങ്കളാഴ്‌ച രാവിലെ 4.45-ന് പള്ളിയിൽ പ്രാർഥനയ്ക്കിടെയാണ്‌ മരണവിവരം ജോസ്‌ കെ. മാണി അറിയുന്നത്. അപ്രതീക്ഷിതമായ വേർപാടിനെക്കുറിച്ച്‌ ജോസ്‌ കെ. മാണി ഫെയ്സ്‌ബുക്കിൽ കുറിക്കുകയും ചെയ്‌തു.