കസ്റ്റഡി പീഢനങ്ങള്‍ അവസാനിപ്പിക്കണം ; ക്രമിനലുകളായ ഉദ്യോഗസ്ഥരെ പോലീസ് സേനയില്‍ നിന്നും പുറത്താക്കണം ; എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍

Spread the love

കോട്ടയം : കസ്റ്റഡി പീഢനങ്ങള്‍ അവസാനിപ്പിക്കണമെന്നും ക്രമിനലുകളായ ഉദ്യോഗസ്ഥരെ പോലീസ് സേനയില്‍ നിന്നു പുറത്താക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ജനമൈത്രി എന്ന് ബോര്‍ഡ് വെച്ചതുകൊണ്ടു മാത്രം ജനസൗഹൃദമാകില്ല. യൂനിഫോം മര്‍ദ്ദനത്തിനുള്ള ലൈസന്‍സായി കാണുന്ന ചിലര്‍ സേനയിലുണ്ട്. നിരപരാധികളായ പലരെയും ലോക്കപ്പിലിട്ട് തല്ലിച്ചതയ്ക്കുന്ന വാര്‍ത്തകള്‍ നിത്യസംഭവമായിരിക്കുന്നു. ആലപ്പുഴ ജില്ലയില്‍ നിരപരാധിയെ കൊലക്കേസ് പ്രതിയാക്കി റിമാന്റിലാക്കിയത് അടുത്ത ദിവസമാണ്. വയനാട് ജില്ലയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിന്റെ ഇരയായ തങ്കച്ചനെ പ്രതിയാക്കിയതും സമാനമാണ്.

കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പ്രതിയാക്കുന്ന ശൈലിയാണ് പോലീസിന്. കുറ്റാരോപിതനായ ഭര്‍ത്താവിനെ കിട്ടാതായപ്പോള്‍ നിരപരാധിയായ ഭാര്യയെ കസ്റ്റഡിയിലെടുത്തതും പുരോഗനം അവകാശപ്പെടുന്ന കേരളത്തില്‍ ഇടതു ഭരണത്തില്‍ തന്നെയാണ്. കസ്റ്റഡിയിലുള്ള യുവാക്കളെക്കൊണ്ട് പോലീസ് തന്നെ ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമിച്ചതും കുറ്റാരോപിതരുടെ ശരീരത്ത് കുരുമുളക് സ്പ്രേ തളിച്ചതുള്‍പ്പെടെ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവര്‍ വരെ സേനയിലുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.

കൊടി സുനിമാര്‍ക്ക് സുരക്ഷാ അകമ്പടിയില്‍ മദ്യസല്‍ക്കാരത്തിന് വേദിയൊരുക്കുന്ന അതേ പോലീസ് തന്നെയാണ് നിരപരാധികളെ ഇഞ്ചിഞ്ചായി തല്ലിച്ചതയ്ക്കുന്നതും. ഫാനില്‍ കെട്ടിത്തൂക്കുക, രഹസ്യഭാഗങ്ങളില്‍ മുളകു പൊടി തേക്കുക, സൂചിയും ഈര്‍ക്കിലിയും കയറ്റുക, ഷോക്കടിപ്പിക്കുക, ലാത്തി ശരീരത്തിലൂടെ ഉരുട്ടുക തുടങ്ങിയ മൃഗയാ വിനോദങ്ങളില്‍ കുപ്രസിദ്ധി നേടിയ ചില പോലീസ് ഉദ്യോഗസ്ഥര്‍ സേനയുടെ സല്‍പ്പേരിനു തന്നെ കളങ്കമാണ്. അത്തരത്തിലുള്ള ചില ഉദ്യോഗസ്ഥര്‍ വിമരമിച്ച ശേഷം സംഘപരിവാര പാളയത്തില്‍ അഭയം തേടിയതും അവരുടെ നീതി ബോധം തുറന്നു കാട്ടുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്കപ്പ് മര്‍ദ്ദനം സംബന്ധിച്ച് തെളിവുകള്‍ ശേഖരിക്കുന്നതും കേസ് നടത്തുന്നതും ഇതേ സേനയിലുള്ളവര്‍ തന്നെയാണ് എന്നത് ഇരകള്‍ക്ക് നീതി നിഷേധിക്കാന്‍ കാരണമാവുകയാണ്. നരപീഢകരായ പോലീസ് ഉദ്യോഗസ്ഥരെ സേനയില്‍ നിന്നു പുറത്താക്കുകയും അവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും വേണം. സംസ്ഥാനത്തെ പോലീസ് കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് ധവളപത്രമിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പൗരാവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് സ്റ്റേഷനുകളില്‍ സദാസമയവും പ്രവര്‍ത്തന ക്ഷമമായ സിസിടിവി കാമറകള്‍ സജ്ജമാക്കണം. കൂടാതെ കൃത്യമായ പെരുമാറ്റ ചട്ടം പാലിക്കുന്നുണ്ടോ എന്ന് കാര്യക്ഷമമവും നീതിയുക്തവുമായ പരിശോധന ഉറപ്പാക്കണമെന്നും റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു.