
കണ്ണൂർ: കണ്ണൂർ കണ്ണപുരം സ്ഫോടന കേസ് പ്രതി അനുമാലിക്കിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മൂന്നുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയിരിക്കുന്നത്. സ്ഫോടനം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കണ്ണപുരം കീഴറയിലെ വാടകക്കെടുത്ത വീട്ടിലാണ് കഴിഞ്ഞ ഓഗസ്റ്റ് 30 പുലർച്ചെ രണ്ട് മണിയോടെ സ്ഫോടനം നടന്നത്. സംഭവത്തിൽ കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം മരിക്കുകയും ചെയ്തിരുന്നു. ഒളിവിൽ പോകാൻ ശ്രമിക്കവേ കാഞ്ഞങ്ങാട് വെച്ചാണ് കണ്ണപുരം പൊലീസ് ഇയാളെ പിടികൂടിയത്.
സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതി കൂടിയാണ് അനൂപ് മാലിക്. സ്ഫോടനത്തിൽ വീട് പൂർണ്ണമായി തകർന്നിരുന്നു. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറുകയായിരുന്നു. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
സ്ഫോടനം നടന്ന വീട്ടിൽ നിന്നും പൊട്ടാത്ത നാടൻ ബോംബുകൾ പൊലീസ് കണ്ടെത്തിയിരുന്നു. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന പ്രാഥമിക നിഗമനം ശരിവെക്കുന്നതായിരുന്നു കണ്ടെത്തലുകൾ. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകൾ തകരുകയും ചുമരുകളിൽ വിള്ളലുകൾ വീഴുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group