കളം നിറഞ്ഞ് പവർഫുൾ! ആവേശം ചോരാതെ അധോലോകവും ; ആനയ്ക്കൊപ്പം വടംവലിച്ച് ചരിത്രമുള്ള അതിരമ്പുഴയുടെ മണ്ണിൽ വടംവലിയിൽ കരുത്ത് കാട്ടി പെൺപടകൾ

Spread the love

കോട്ടയം : കൈ കരുത്തിൽ വിരിഞ്ഞ പെൺ വിജയം, ആണുങ്ങൾക്ക് മാത്രം വഴങ്ങുമെന്ന് കരുതുന്ന വടം പെൺകരങ്ങളിലും വഴങ്ങുമെന്ന് തെളിയിച്ച് ശ്രീകണ്ഠമംഗലത്തെ പെൺ പുലികൾ.

ആനയ്ക്ക് ഒപ്പം വടംവലിച്ച ചരിത്രമുള്ള അതിരമ്പുഴ ശ്രീകണ്ഠമംഗലം കുറ്റിയേൽകവലയുടെ മണ്ണിലാണ് പെൺകൂട്ടങ്ങളും വടം വലിയിൽ മാറ്റ് തെളിയിച്ചത്.

“ഞങ്ങളും വടം വലിക്കട്ടെ’ എന്ന ചോദ്യം കൗതുകത്തോടെ കേട്ട സംഘാടകർ കട്ടയ്ക്ക് നിന്നതോടെയാണ് വനിതകളുടെ വടംവലി യാഥാർത്ഥ്യമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ
വനിതകളുടെ വടംവലി മത്സരം ഉണ്ടെന്ന് മൈക്കിലൂടെ അറിയിപ്പ് വന്നു. വെറുതെ പറയുന്നതാണെന്ന് പലരും കരുതി. ചിലർ നെറ്റി ചുളിച്ചു. ഈ പെണ്ണുങ്ങൾക്ക് വേറെ പണി ഒന്നും ഇല്ലേയെന്ന് ചിലർ അടക്കം പറഞ്ഞു.

അധികം വൈകാതെ വടംവലി മത്സരം ആരംഭിക്കുകയും ചെയ്തു, ജയശ്രീ കുറ്റിയേൽ നയിക്കുന്ന പവർഫുൾ ഗേൾസ് ടീമും രാജമ്മ കുറ്റിയേൽ നയിക്കുന്ന അധോലോകം ടീമുമാണ് ഏറ്റുമുട്ടുന്നതെന്ന് അറിയിപ്പ് വന്നു.

ഒടുവിൽ കളി കാര്യമാണെന്ന് അറിഞ്ഞ നാട്ടുകാർക്കും ആവേശം. കുറ്റിയേൽകവലയിൽ ജനം ഒഴുകിയെത്തി

നാഷണൽ ആർട്സ് & സ്പോർട്‌സ് ക്ലബ്ബിന്റെ അവിട്ടം നാളിൽ നടന്ന വിപുലമായ ഓണാഘോഷ പരിപാടികൾക്കൊപ്പമായിരുന്നു വനിതകളുടെ വടംവലി മത്സരം നടന്നത്. പുരുഷൻമാരുടെ വടംവലിയുടെ ഇടവേളയിലാണ് വനിതകളുടെ വടംവലി മത്സരം നടന്നത്. മത്സരത്തിൽ പവർഫുൾ ഗേൾസ് ടീം വിജയികളായി.

ജയശ്രീ കുറ്റിയേൽ, അശ്വതി കുറ്റിയേൽ, രമ്യ ചിറ്റേട്ട്, ആദിത്യ ഉള്ളാട്ടുപറമ്പിൽ, ധന്യ രാജ് തോട്ടുങ്കൽപറമ്പിൽ, അമല സാജൻ, പ്രതീക്ഷ നടക്കൽ എന്നിവരായിരുന്നു പവർഫുൾ ഗേൾസ് ടീമിലെ പെൺപുലികൾ.

ശാരി ഗോപൻ, വീട്ടമ്മമാരായ രാജമ്മ കുറ്റിയേൽ, ലൂസി തോമസ്, പൊന്നി ജോസ്, രമ ഉത്തമൻ, രാജി, അസിൻ സാബു എന്നിവരാണ് അധോലോകം ടീമിൽ ഉണ്ടായിരുന്നത്.

പൊതുസമ്മേളനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ അശ്വതിമോൾ കെ. എ. ഉദ്ഘാടനം ചെയ്തു. ലിസ്യു ചർച്ച് വികാരി റവ. ഫാ. മാർട്ടിൻ ഇലക്കാട്ടുനാലുപറയിൽ സമ്മാനദാനം നിർവഹിച്ചു.

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 20, 21 വാർഡുകളിൽനിന്ന് എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് നാഷണൽ ക്ലബ്ബ് ഏർപ്പെടുത്തുന്ന സ്കോളർഷിപ്പ് സമ്മാനിച്ചു.

ക്ലബ്ബ് സെക്രട്ടറി പി. ജി. അനിൽകുമാർ പാലയ്ക്കാത്തൊട്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് കോട്ടയം രാഗം ഓർക്കസ്ട്ര കരാക്കെ ഗാനമേള അവതരിപ്പിച്ചു.