ബസിൽ യാത്രക്കാരിയുടെ 5 പവൻ മാല മോഷ്ടിച്ച വനിത പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ: ബസിലെ ക്യാമറയിൽ നിന്നാണ് മാല മോഷ്ടാവിനെ കണ്ടെത്തിയത്.

Spread the love

ചെന്നൈ: ബസില്‍ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികയുടെ 5 പവന്റെ മാല കവർന്ന പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍. സംഭവത്തില്‍ തിരുപ്പത്തൂർ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം നേതാവുമായ ഭാരതി ആണ് അറസ്റ്റിലായത്.

ചെന്നൈ കോയമ്പേട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. നേർക്കുണ്ട്രം സ്വദേശിനിയായ വരലക്ഷ്മിയുടെ മാലയാണ് ഭാരതി മോഷ്ടിച്ചത്. കാഞ്ചീപുരത്തു നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം ബസില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നതിനിടെയാണ് വരലക്ഷ്മിയുടെ ബാഗിലുണ്ടായിരുന്ന മാല ഭാരതി കവർന്നത്.

ഇതിന് പിന്നാലെ കോയമ്പേട് ബസ് സ്റ്റാൻഡില്‍ ഇറങ്ങിയ വരലക്ഷ്മി തന്റെ ബാഗ് പരിശോധിപ്പോഴാണ് അഞ്ച് പവൻ സ്വർണ്ണ മാല നഷ്‌ടമായ വിവരം അറിയുന്നത്. സംഭവത്തിന് പിന്നാലെ വരലക്ഷ്മി കോയമ്പേട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വരലക്ഷ്മിയുടെ ബാഗില്‍ നിന്ന് ഒരു സ്ത്രീ മാല മോഷ്ടിക്കുന്നതായി കണ്ടെത്തി. തുടർന്ന് നടന്ന പോലീസ് അന്വേഷണത്തില്‍ മോഷണം നടത്തിയത് തിരുപ്പത്തൂർ ജില്ലയിലെ നരിയമ്പട്ടു പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ പ്രവർത്തകയുമായ ഭാരതി (56) ആണ് എന്ന് തെളിഞ്ഞു.

ആദ്യമായല്ല ഇവരുടെ പേരില്‍ കേസെടുത്തിട്ടുള്ളതെന്നും പോലീസ് അറിയിച്ചു. തിരുപ്പത്തൂർ, വെല്ലൂർ, അമ്പൂർ എന്നിവിടങ്ങളില്‍ ഭാരതിക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ഭാരതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.