ഓരോ മാതാപിതാക്കളും വായിക്കണം ഈ വാർത്ത: കൊല്ലത്ത് കഴുത്ത് മുറിച്ച ശേഷം യുവാവ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവം: വിദ്യാഭ്യാസത്തിന്റെ അമിത സമ്മർദം ഖയ്സിനെ ഭ്രാന്തനാക്കി; മാതാപിതാക്കളുടെ താല്പര്യം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത് മരണമായി എത്തി

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കിയ ഖയ്സ് റഷീദ് യൂസഫിന്റെ ജീവിതം മക്കളെ സ്നേഹിക്കുന്ന ഏതൊരു മാതാപിതാക്കളും മാതൃകയാക്കേണ്ടതാണ്. ചെറുപ്പം മുതൽ ഹോസ്റ്റലുകളിൽ ജീവിച്ച , മാതാപിതാക്കളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ മാത്രം വിധിക്കപ്പെട്ട , തന്റെ സ്വപ്നങ്ങൾക്ക് ചിറക് നഷ്ടമായ ഒരു കൂട്ടം ബാല്യങ്ങളിൽ ഒന്നാണ് അവനും. അവന്റെ സ്വപ്നങ്ങളുടെ ലോകത്ത് പറക്കാൻ അനുവദിക്കാതെ മാതാപിതാക്കൾ തളച്ചിട്ടതോടെയാണ് അവൻ ഈ ലോകത്ത് നിന്നും പറന്നകന്നത്. ഖയ്സ് റഷീദിന്റെ സ്വപ്നം എന്തായിരുന്നു , അവൻ ആരായിരുന്നു എന്ന് വ്യക്തമാക്കുന്ന ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി എന്ന ഫെയ്സ് ബുക്ക് പേജ് പങ്കുവച്ചു. എല്ലാ മാതാ പിതാക്കൾക്കുമായി തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് വിടുന്നു.

ഖയ്സ് റഷീദ് യൂസഫ്; വിടരും മുന്നേ കൊഴിഞ്ഞ പൂവ്…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 18 കാരൻ ചികിത്സയിലിരുന്ന ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഞെട്ടലോടെയാണ് നാം ആ വാർത്ത കേട്ടത്. വിദേശത്തുള്ള മാതാപിതാക്കൾ, മോശമല്ലാത്ത സാമ്പത്തിക ചുറ്റുപാട്, പഠിക്കാൻ മിടുക്കൻ ഇതെല്ലാം ഉണ്ടായിട്ടും ഞെട്ടലുണ്ടാകും വിധം ഖയ്സ് ഇളം വയസ്സിലേ മരണത്തെ പുൽകി.

പത്താം ക്ലാസ് വരെ ബഹ്റിനിലെ ഏഷ്യൻ സ്കൂളിൽ പഠിച്ച ഖയ്സ് ഏവൺ ഗ്രേഡോടെയാണ് പാസായത്. പ്രവാസി മലയാളി കൂട്ടായ്മയായ പ്രതിഭ ബാലവേദിയുടെയും, മലയാളി സമാജത്തിന്റെയും സജീവ പ്രവർത്തകൻ. മത്സരങ്ങളിലും, ആഘോഷങ്ങളിലും ഉത്സാഹത്തോടെ പങ്കെടുത്തവൻ. നിരവധി സമ്മാനങ്ങൾ വാങ്ങി പ്രിയപ്പെട്ടവരെയൊക്കെ ഒത്തിരി സന്തോഷിപ്പിച്ചവൻ. എന്നിട്ടും അവൻ പ്രിയപ്പെട്ടവരെയൊക്കെ വേദനയിലേക്ക് തള്ളിവിട്ട് മരണം തേടി പോയി.

കോട്ടയത്തെ സ്വകാര്യ ഇന്റർനാഷണൽ സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ഖയ്സ് 93% മാർക്കോടെയാണ് പാസായത്. തുടർപഠനത്തിനായി എൻട്രൻസ് പരിശീലനത്തിനായി ദിവസങ്ങൾക്ക് മുൻപാണ് കോട്ടയം പാലായിലെ കോച്ചിംഗ് സെന്ററിലാക്കിയത്. ദിവസങ്ങൾക്ക് മുൻപ് നാട്ടിലെത്തിയ മാതാപിതാക്കളായിരുന്നു ഖയ്സിനെ പഠിക്കാൻ കൊണ്ടുവിടുന്നത്. എഞ്ചിനിയറിംഗോ മെഡിസിനോ സ്വപ്നം കണ്ട മാതാപിതാക്കൾ ഖയ്സിന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായാണ് തീവ്രപരിശീലനത്തിന് അകലെയുള്ള സ്ഥാപനത്തിലെത്തിച്ചതെന്ന് പറയപ്പെടുന്നു.

പത്താം ക്ലാസ് വരെ കുടുംബത്തോടൊപ്പം കളിച്ചും ചിരിച്ചും കഴിഞ്ഞിരുന്ന കൗമാരക്കാരന് തനിച്ചുള്ള പഠനവും ജീവിതവും ഒരു പക്ഷേ പ്രയാസം നൽകിയിരുന്നു കാണും. വീണ്ടും ഹോസ്റ്റലും കഠിന പരിശീലനവും അവനാഗ്രഹിച്ചിരുന്നില്ലായിരിക്കാം. ഒരു ചോദ്യങ്ങൾക്കും ഉത്തരം തരാൻ അവനിനിയില്ല.

സ്വയം കഴുത്ത് മുറിച്ച് വഴിയരുകിൽ കിടന്ന ഖയ്സിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ദ ചികിത്സ നൽകി ജിവിതത്തിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമം നടക്കുകയായിരുന്നു. സുഖം പ്രാപിച്ച ഖയ്സിനെ ഡോക്ടർമാർ അടങ്ങിയ സംഘം കൗൺസിലിംഗിന് വിധേയമാക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഏവരെയും ഞെട്ടിച്ച് മുകൾനിലയിൽ നിന്നും താഴേക്ക് ചാടുന്നത്. നിറയെ കഴിവുള്ള, പരിചയമുള്ളവരോട് സ്നേഹത്തോടെ പെരുമാറിയിരുന്ന കൗമാരക്കാരന്റെ ആത്മഹത്യ വീട്ടുകാർക്കൊപ്പം നാട്ടുകാരെയും അമ്പരപ്പിലും സങ്കടത്തിലുമാക്കിയിരിക്കയാണ്.

അവന്റെ ഇഷ്ടങ്ങൾ അറിയാൻ ശ്രമിക്കാതിരുന്നതാണോ, പ്രിയപ്പെട്ടവരുടെ സാന്നിധ്യം ഇല്ലാതാക്കിയ ഏകാന്തതയാണോ എന്തായിരിക്കും അവനെ കൊടും കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചിട്ടുണ്ടാകുക. മികവുള്ള മിടുക്കനായ ഒരുപക്ഷേ നാളെയുടെ പ്രതീക്ഷയായിരുന്ന പൂവാണ് വിടരും മുന്നേ കൊഴിഞ്ഞു പോയത്.

മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾ നിങ്ങളുടെ സ്വപ്നങ്ങൾക്കൊപ്പം അവരുടെ മനസു കൂടി കാണാൻ ശ്രമിക്കുക എന്ന ഓർമ്മപ്പെടുത്തലാണ് കൗമാരക്കാരനായ ഖയ്സ് റഷീദ് യൂസുഫിന്റെ ആത്മഹത്യ….