നവോത്ഥാന കേരളത്തിൽ എല്ലാം ഒറ്റപ്പെട്ട കസ്റ്റഡി കൊലപാതകങ്ങൾ ; ഈ നാട് എന്നു നന്നാകും?
സ്വന്തം ലേഖകൻ
നവോത്ഥാന കേരളത്തിൽ കസ്റ്റഡിമരണങ്ങൾ തുടർക്കഥയാകുമ്പോൾ ‘ഒറ്റപ്പെട്ടത്’ എന്ന അശ്ലീലവാക്കിനെ നോക്കി കൊഞ്ഞനംകുത്തുന്നുണ്ട് ഒരുപാട് ആത്മാക്കൾ ‘കസ്റ്റോഡിയൽ ടോർച്ചർ’ അഥവാ ‘ലോക്കപ്പ് പീഡനം’ എന്നത് നമ്മുടെ നാട്ടിലെ ഭരണവർഗം ഒറ്റപ്പെട്ട സംഭവമാക്കി നിസ്സാരവല്കരിക്കുമ്പോൾ ഇനിയും ഇരുമ്പറയ്ക്കുള്ളിലെ കൊലയറകളിൽ ചതച്ചരയ്ക്കപ്പെടാൻ എത്രയോ ഹതഭാഗ്യർ ബാക്കി.2016 മെയ് മാസത്തിൽ ഇടത് സർക്കാർ അധികാരത്തിലേറിയത് മുതൽ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് പോലീസ് അതിക്രമങ്ങളുടേയും മൂന്നാംമുറ പ്രയോഗത്തിന്റെയും നിരവധി സംഭവങ്ങളാണ്.ഇതിനെയൊക്കെ ഒറ്റപ്പെട്ട സംഭവമാക്കി ചിത്രീകരിക്കാൻ കഴിവുള്ള മനോനിലയെയാണോ ഇരട്ടച്ചങ്ക് കൊണ്ട് അന്വർത്ഥമാക്കുന്നത്.ആളുമാറി പിടിച്ചുക്കൊണ്ടുപോയി തച്ചുടച്ചു കൊന്ന വരാപ്പുരയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തോടെ തുടങ്ങുന്നു മുഖ്യമന്ത്രി തലവനായ ആഭ്യന്തരവകുപ്പിലെ ക്രിമിനലുകളായ പോലീസുകാരുടെ ഒറ്റപ്പെട്ട നീതിനിർവ്വഹണത്തിന്റെ സീരീസ്.ശ്രീജിത്തിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത രീതി ഒന്നവലോകനം ചെയ്താൽ മനസ്സിലാകും അതിനു പിന്നിലെ രാഷ്ട്രീയ കുബുദ്ധി. ഒരു കൊടും കുറ്റവാളിയെ അറസ്റ്റു ചെയ്യുന്ന പോലെ മഫ്തിയിൽ പോയി അർദ്ധരാത്രിയിലാണ് കിടന്നുറങ്ങുന്ന ഒരാളെ അറസ്റ്റു ചെയ്തത്.അതും വെറും സംശയത്തിന്റെ ആനുകൂല്യത്തിൽ.ഒരാളെ ലോക്കപ്പിലിടുന്നതിനു മുന്നേ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന സുപ്രീം കോടതിയുടെ വിധി കാറ്റിൽപ്പറത്തിയെന്നതിന്റെ നേർസാക്ഷ്യമാണ് ആ കൊല.പോലീസ് സേനയിലെ നല്ലനടപ്പിനെ കുറിച്ച് വാചാലനായ ഡി.ജി.പി. വായടയ്ക്കുന്നതിനു മുന്നേ തന്നെ ഒരു നിരപരാധിയെ മൃഗീയമായ മർദ്ദനത്തിരയാക്കി കൊന്ന് നമ്മുടെ പോലീസുകാർ മാതൃക കാട്ടിയതും ഈ കൊലയിലൂടെ തന്നെയാണ്.
ശ്രീജിത്തിന്റെ കേസിനുശേഷം പുറത്തുവന്ന മറ്റൊരു ഒറ്റപ്പെട്ട കൊലപാതകമായിരുന്നു മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ ഓട്ടോ ഡ്രൈവർ ഉനൈസിന്റെ കസ്റ്റഡി മരണം. 2018 ഫെബ്രുവരി 22ന് ഭാര്യാപിതാവിന്റെ സ്കൂട്ടർ തീവെച്ച കേസിൽ നാലു പോലീസുകാർ വീടു വളഞ്ഞാണ് ഉനൈസിനെ കസ്റ്റഡിയിലെടുക്കുന്നത്.രാവിലെ മുതൽ വൈകിട്ടുവരെ എടക്കാട് പോലീസ് സ്റ്റേഷനിൽ ഉനൈസിന് മർദ്ദനമേറ്റുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഏഴ് പോലീസുകാരും എസ്ഐയും ചേർന്ന് ഉനൈസിനെ മർദ്ദിച്ചെന്ന് ഇവർ പറയുന്നു. വായിലൂടെയും മൂത്രത്തിലൂടെയും രക്തം വന്ന് അവശനായ നിലയിൽ ഫെബ്രുവരി 24ന് ഉനൈസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.മെഡിക്കൽ ലീഗൽ കേസായാണ് ആശുപത്രി അധികൃതർ ഈ കേസ് പരിഗണിച്ചത്. അതിൻ പ്രകാരം നാലുദിവസത്തിനകം പോലീസ് ആശുപത്രിയിലെത്തി കേസ് പരിഗണിക്കേണ്ടതാണ്. എന്നാൽ നടപടിയെടുക്കാൻ വൈകി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായിവീട്ടിലെത്തിയ ശേഷം രണ്ട് മാസത്തോളം പണിയെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഉനൈസ്. 2018 മെയ് 2നാണ് ഉനൈസ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലം കുണ്ടറ സ്വദേശി കുഞ്ഞുമോനെതിരെ ഉണ്ടായിരുന്നത് ഒരു പെറ്റിക്കേസ് ആയിരുന്നു. കോടതി സമൻസ് അയച്ചിട്ടും ഹാജരാകാത്ത കുഞ്ഞുമോനെ വാറണ്ടുമായി വീട്ടിൽനിന്നും പിടികൂടിയ പോലീസ് മർദ്ദിച്ചുകൊന്നത് കുണ്ടറ പരിധിയിൽ വരുന്ന ഒറ്റപ്പെട്ട സംഭവമാണ്.ദളിതനായ കുഞ്ഞുമോന്റേത് കസ്റ്റഡി മരണമാണ് എന്ന് വീട്ടുകാരും സാമൂഹ്യപ്രവർത്തകരുമുൾപ്പെടെ ആരോപിച്ചു. എന്നാൽ ഹൃദയസ്തംഭനം മൂലമാണ് കുഞ്ഞുമോൻ മരിച്ചതെന്നും പോലീസ് മർദ്ദനം മൂലമല്ലെന്നും വിധിയെഴുതി ആ കേസ് ഒതുക്കുകയായിരുന്നു.
മദ്യപിച്ചു ബഹളമുണ്ടാക്കിയെന്ന കൊടുംപാതകത്തിനു പിടിച്ചുക്കൊണ്ടുപോയി അടിച്ചുകൊന്ന ജോൺസണും ഒരു ഒറ്റപ്പെട്ട കസ്റ്റഡിമരണത്തിന്റെ ഇരയാണ്. പോലീസ് മർദ്ദനത്തിൽ മനം നൊന്ത് ആത്മഹത്യചെയ്ത വിനായകന്റെ ആത്മഹത്യയും ഒറ്റപ്പെട്ടതായിരുന്നു. മുടി നീട്ടിവളർത്തിയതിന്റെ പേരിലും, കഞ്ചാവ് മാഫിയ ബന്ധവും മോഷണക്കുറ്റവും ആരോപിച്ചും പോലീസുകാർ വിനായകനെ അതിഭീകരമായി മർദ്ദിച്ചത് തീർത്തും ഒറ്റപ്പെട്ട സംഭവമായിരുന്നു.
വിദേശവനിതയായ ലിഗയുടെ തിരോധാനവും മരണവും സംസ്ഥാന പോലീസിന്റെ കരണത്തേറ്റ കനത്ത പ്രഹരമാണ്. 2018 മാർച്ച് 14 നു കോവളത്തെത്തിയ ലിഗയെ അതേ സ്ഥലത്തു നിന്നും ഏകദേശം മൂന്നു കിലോമീറ്റർ മാറി വാഴമുട്ടത്തെ ചേന്തി ലക്കരിയെന്ന വിജനമായ സ്ഥലത്തു നിന്നും 39 ദിവസത്തിനു ശേഷം ജീർണ്ണിച്ച ശരീരമായി കണ്ടെടുത്തപ്പോൾ ചോദ്യമുയർന്നത് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അനാസ്ഥയെ കുറിച്ച് മാത്രമാണ്.
നക്ഷത്രചിഹ്നങ്ങളുടെ ധാർഷ്ട്യത്തിൽ നെയ്യാറ്റിൻകരയിലെ സനലിനെ കാറിനുമുന്നിൽ തള്ളിയിട്ടുകൊന്നശേഷം ആത്മഹത്യ ചെയ്ത ഡി.വൈ.എസ്.പി ഹരികുമാറിന്റെ സേനയ്ക്കുള്ളിലെ വഴിവിട്ട ഉന്നതസ്വാധീനങ്ങൾ ഒറ്റപ്പെട്ടതായിരുന്നു.വണ്ടി ഇടിച്ചുവീഴ്ത്തിയ സനലിനെ ആശുപത്രിയിലെത്തിക്കാൻ വൈകിച്ച എസ്.ഐയുടെ കൃത്യവിലോപവും ഒറ്റപ്പെട്ടതായിരുന്നു സംഭവം ആയിരുന്നു.തലശേരി പോലീസ് കസ്റ്റഡിയിലെടുത്ത ഇതരസംസ്ഥാനതൊഴിലാളി കാളിമുത്തുവിനും ജീവൻ നഷ്ടപ്പെട്ടത് പോലിസിന്റെ മൂന്നാംമുറ കാരണമായിരുന്നു.മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരും പുറകെ നടക്കാനില്ലാത്തതിനാൽ കാളിമുത്തുവിന്റെ കസ്റ്റഡി മരണം വാർത്തപോലുമായില്ല.അബ്ദുൾ വഹാബ് എന്ന മലപ്പുറം വണ്ടൂർ സ്വദേശിയെ സാമ്പത്തിക ഇടപാട് കേസിലാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിറ്റേന്ന് രാവിലെ ഇയാളെ ലോക്കപ്പിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. അടിവസ്ത്രത്തിന്റെ വള്ളിയിൽ തൂങ്ങിമരിച്ചത് മറ്റൊരു സംഭവമാണ്.കേരളത്തെ ഞെട്ടിച്ച കെവിൻ വധക്കേസിൽ ,കെവിനെ കാറിൽ തട്ടിക്കൊണ്ടുപോയിയെന്ന പരാതികിട്ടിയിട്ടും നിഷ്ക്രിയരായി നിന്ന,കൈക്കൂലി വാങ്ങിയ പോലീസുകാരുടെ മനോഭാവവും ഒറ്റപ്പെട്ടതായിരുന്നു, പോലീസുകാരിയെ തീകൊളുത്തികൊന്ന പോലീസുകാരൻ അജാസിന്റെ ചെയ്തിയും ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നു,ഏറ്റവും ഒടുക്കം ഒറ്റപ്പെട്ട സംഭവമായി മാറുന്നു നെടുങ്കണ്ടം പോലീസ് മർദ്ദനത്തിനിരയായ രാജ്കുമാറിന്റെ ദാരുണമരണം.മരിക്കുംമുൻപ് രാജ്കുമാറിന് കുടിക്കാൻ വെള്ളം പോലും നൽകിയില്ലെന്നത് തെളിയിക്കുന്നതാണ് രാജ് കുമാറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്. അരയ്ക്ക് താഴേക്ക് പൈശാചികമായ മർദനമേറ്റ മുറിവുകളും ചതവുകളും വ്യക്തമായി പരാമർശിക്കപ്പെടുന്ന റിപ്പോർട്ട് മൂന്നാംമുറയുടെ ഒറ്റപ്പെട്ട സാക്ഷ്യപത്രമാകുന്നു.
കാലത്തിനു വല്ലാത്തൊരു കാവ്യനീതിയുണ്ട്. ഈച്ചരവാര്യർ എന്നൊരച്ഛനെയും രാജനെന്ന മകനെയും മറക്കാൻ മലയാളികൾക്ക് കഴിയില്ല.രാജൻ കേസ് ഒരു സ്റ്റേറ്റ് സ്പോൺസേർഡ് മർഡർ ആണെന്നാരോപിച്ചവരാണ് കമ്മ്യൂണിസ്റ്റുകൾ. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരനെ മുഖ്യ കുറ്റവാളിയായി എന്നും ചിത്രീകരിച്ചതും അവർ തന്നെ. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് പോലും വടകരയിലെ കെ.മുരളീധരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് മരിച്ചിട്ടും നിങ്ങളെന്തിനാണ് എന്റെ മകനെ മഴയത്ത് നിർത്തിയിരിക്കുന്നതെന്ന ഒരു പിതാവിന്റെ ഉള്ളുപൊള്ളിക്കുന്ന ചോദ്യത്തെ ആയുധമാക്കിയവരുണ്ട്.പൊലീസ് കസ്റ്റഡിയിൽ ഒരാൾ കൊല്ലപ്പെട്ടാൽ ജനാധിപത്യ രാജ്യത്ത് ആർക്കാണ് പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്തമെന്ന ചോദ്യത്തിനു കെ.കരുണാകരനെന്ന ആഭൃന്തരമന്ത്രിക്കെന്നു അടിവരയിട്ടുറപ്പിച്ചുകൊണ്ട് രാജിവയ്പ്പിച്ച രാഷ്ട്രീയപ്രസ്ഥാനം ഭരിക്കുമ്പോഴാണ് തുടർച്ചയായുള്ള കസ്റ്റഡിമരണങ്ങളുണ്ടാവുന്നതെന്നത് വിരോധാഭാസമാണ്.
ഈച്ചരവാരിയരോടൊപ്പം പോരാടിയ പാർട്ടിക്കും ആഭ്യന്തരം കയ്യാളുന്ന അതിന്റെ മുഖ്യമന്ത്രിക്കും ലോക്കപ്പുകൾ കൊലയറകളായി മാറ്റാതിരിക്കാനുള്ള ഉറച്ച, ചരിത്രപരമായ ഉത്തരവാദിത്തമാണുള്ളതെന്ന് മറക്കാതിരിക്കട്ടെ.