നല്ലതാണെന്നു കരുതി പതിവാക്കേണ്ട; ഓട്സ് കഴിക്കുന്നത് ഇക്കൂട്ടർക്ക് ഗുണകരമല്ല, അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

Spread the love

മലയാളികളുടെ ഭക്ഷണത്തിൽ ഇപ്പോൾ ഓട്സിന് ഒഴിച്ചുകൂടാനാകാത്തൊരു സ്ഥാനമുണ്ട്. ആരോഗ്യകരമായ പ്രഭാതഭക്ഷണമെന്നു പറയുമ്പോൾ തന്നെ പലരുടെയും മനസ്സിൽ ആദ്യമെത്തുന്നത് ഓട്സ് ആയിരിക്കും. മിക്കവരുടെയും ഒരു നേരത്തെ ഭക്ഷണംതന്നെ ഓട്സ് ആണ്. ഏറെ പോഷകസമ്പന്നവും ആരോഗ്യദായകവുമാണ് ഓട്സ് എന്നതിൽ സംശയം വേണ്ട. ജിമ്മിൽ പോകുന്നവർ മുതൽ ഡയറ്റർമാർ വരെ മടികൂടാതെ ഓട്സ് കഴിക്കുന്ന കാര്യം നമുക്കറിയാം.

ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഭക്ഷണമെന്ന നിലയിലാണ് ഓട്സ് കൂടുതലായും പരിചിതം. പക്ഷേ, എല്ലായ്പ്പോഴും ‘ആരോഗ്യകരം’ എന്ന മുദ്ര ഓട്സിന് ശരിയായിരിക്കണമെന്നില്ല. ചിലർക്കിത് ഗുണത്തേക്കാൾ ദോഷകരമാകാൻ സാധ്യതയുണ്ട്. അതിനാൽ, എല്ലാവർക്കും ഒരുപോലെ അനുയോജ്യമല്ലെന്ന കാര്യവും മനസ്സിലാക്കണം. ഓട്സ് ഒഴിവാക്കേണ്ടവർ ആരൊക്കെ എന്ന് നോക്കാം.

വൃക്കരോഗമുള്ളവർ
വൃക്ക രോഗികൾക്ക് ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ അളവ് പരിമിതപ്പെടുത്താൻ പലപ്പോഴും നിർദ്ദേശിക്കാറുണ്ട്. ഓട്സ് ഈ രണ്ട് ധാതുക്കളുടെയും നല്ല ഉറവിടമാണ്. അതിനാൽ, വൃക്കരോഗമുള്ളവർ ഡോക്ടറെ സമീപിക്കാതെ ഒരിക്കലും ഓട്സ് കഴിക്കരുത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്ലൂറ്റന് അസഹിഷ്ണുതയുള്ളവർ
വിപണിയിൽ ലഭ്യമായ മിക്ക ഓട്സിലും ഗ്ലൂറ്റന്റെ അംശം അടങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് ഗ്ലൂറ്റനോട് അലർജി ഉണ്ടെങ്കിൽ അല്ലെങ്കിൽ സീലിയാക് രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ ഓട്സ് കഴിക്കുന്നത് ഒഴിവാക്കണം. ഗ്ലൂറ്റന് നിങ്ങളുടെ ദഹനവ്യവസ്ഥയില് വീക്കം ഉണ്ടാക്കുകയും ഗുരുതരമായ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

ദഹന പ്രശ്നമുള്ളവർ
ഗ്യാസ്, വയറു വീർക്കൽ, വായുക്ഷോഭം തുടങ്ങിയ ദഹന പ്രശ്നങ്ങൾ നിങ്ങൾക്ക് ഇടയ്ക്കിടെ ഉണ്ടെങ്കിൽ ഓട്സ് നിങ്ങൾക്ക് അനുയോജ്യമായിരിക്കില്ല. ഓട്സിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹിപ്പിക്കാൻ ആമാശയത്തിന് കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങളുടെ ദഹനവ്യവസ്ഥ ദുർബലമാണെങ്കിൽ ഈ നാരുകൾ നിങ്ങളുടെ പ്രശ്നം കൂടുതൽ വഷളാക്കും.

ഇരുമ്പിന്റെ കുറവുള്ളവർ
ഓട്സിൽ ഫൈറ്റിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ തടയുന്നതാണ്. നിങ്ങളുടെ ശരീരത്തിൽ ഇരുമ്പിന്റെ കുറവുണ്ടെങ്കിൽ അല്ലെങ്കിൽ വിളർച്ചയുണ്ടെങ്കിൽ ഓട്സ് കഴിക്കുന്നത് നിങ്ങളുടെ പ്രശ്നം കൂടുതൽ വഷളാക്കുന്നതാണ്.

ഓട്സ് മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരോട്
ഓട്സ് മാത്രം കഴിച്ചാൽ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ കഴിയുമെന്ന് ചിലർ കരുതുന്നുണ്ട്. എന്നാൽ ഇത് ഒട്ടും ശരിയല്ല. വലിയൊരു തെറ്റാണ്. ഏതെങ്കിലും ഒന്നിനെ മാത്രം ആശ്രയിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കും. ഓട്സ് മാത്രം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് പ്രോട്ടീനുകൾ, വിറ്റാമിനുകൾ, മറ്റ് ധാതുക്കൾ എന്നിവ നൽകുകയില്ല. ഇത് ബലഹീനതയ്ക്കും ക്ഷീണത്തിനും കാരണമാകുന്നു.