സ്‌പെഷ്യൽ ചാരായം,ലിറ്ററിന് 1000 രൂപ മാത്രം ;22 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി അൻപതുകാരൻ എക്‌സൈസ് പിടിയിൽ
സ്വന്തം ലേഖകൻ
പാലാ : വീട്ടിൽ വച്ച് ചാരായം വാറ്റി വിൽപന നടത്തി വന്നിരുന്ന ഭരണങ്ങാനം പള്ളിക്കുന്നേൽ വീട്ടിൽ 50 വയസ്സുള്ള പി വി തങ്കച്ചൻ എന്ന ആളെയാണ് പാലാ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ ബി .ബിനുവും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. 22 ലിറ്റർ ചാരായവും ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും വീട്ടിൽ നിന്ന് പിടിച്ചെടുത്തു.സ്വന്തമായി ചാരായം ഉത്പാദിപ്പിച്ച ശേഷം ലിറ്ററിന് ആയിരം രൂപ എന്ന നിരക്കിൽ വിശ്വസ്തരായവർക്ക് മാത്രം വിൽപ്പന നടത്തുകയായിരുന്നു പ്രതിയുടെ രീതി.മൂന്ന് ആഴ്ചകൾക്ക് മുമ്പ് പൊതുസ്ഥലത്ത് മദ്യപിച്ച കുറ്റത്തിന് ഒരാളെ പാലാ ടൗണിൽനിന്ന് എക്‌സൈസ് ഇൻസ്‌പെക്ടറും സംഘവുംചേർന്ന് പിടികൂടിയിരുന്നു. ടിയാനുമായി സംസാരിച്ചതിൽ നിന്നും ഭരണങ്ങാനം ഭാഗത്തുള്ള ചിലർക്ക് വാറ്റുചാരായം ലഭിക്കുന്നതായി വിവരം ലഭിച്ചു .അതിനെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയായ തങ്കച്ചനെ പറ്റി വിവരം ലഭിക്കുകയും ചെയ്തു.എന്നാൽ പ്രതിക്ക് എല്ലാദിവസവും ചാരായം വിൽപനയില്ല എന്നും വിശേഷദിവസങ്ങളിൽ ആണ് വിൽപന എന്നു മനസ്സിലാക്കി മദ്യഷാപ്പുകൾ അടവായ ഡ്രൈഡേ ദിനത്തിൽ അപ്രതീക്ഷിതമായി രാവിലെ വീട് പരിശോധിക്കുകയായിരുന്നു.കന്നാസിലും ഒരു ലിറ്റർ കുപ്പികളിൽ നിറച്ച നിലയിലും ആയിരുന്നു ചാരായം സൂക്ഷിച്ചിരുന്നത്.തുടർന്ന് നടന്ന പരിശോധനയിൽ വീട്ടിൽ ഒളിപ്പിച്ചുവെച്ച നിലയിൽ വാറ്റുപകരണങ്ങളും കണ്ടെടുത്തു.
ബഹുമാനപ്പെട്ട പാലാ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പ്രിവന്റിവ് ഓഫീസർമാരായ ബാബു മാത്യു ,അനീഷ് കുമാർ .കെ. വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോബി അഗസ്റ്റിൻ ,അഭിലാഷ്.സി എ , അഭിലാഷ് .എം ജി ,മിഥുൻ മാത്യൂ, ഷിബു ജോസഫ് ,സി. കണ്ണൻ,സഞ്ജു മാത്യൂസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനീതാ.വി.നായർ, ജയപ്രഭാ.എം വി എന്നിവർ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.